April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അതിസമ്പന്നർക്ക് നികുതി ചുമത്തി അസമത്വം ലഘൂകരിക്കുക:-

അതിസമ്പന്നർക്ക് നികുതി ചുമത്തി അസമത്വം ലഘൂകരിക്കുക:-

By editor on January 23, 2023
0 109 Views
Share

അതിസമ്പന്നർക്ക് നികുതി ചുമത്തി അസമത്വം ലഘൂകരിക്കുക:-
ടി ഷാഹുൽ ഹമീദ്
വ്യത്യസ്തങ്ങളായിട്ടുള്ള പ്രശ്നങ്ങളാൽ ഉഴലുകയാണ് ലോകം .ദശലക്ഷക്കണക്കിനാളുകൾക്ക് വിശപ്പ് സഹിക്കേണ്ടി വരുന്നു ,അടുപ്പ് പുകയിക്കാൻ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ലോകത്ത് വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട് റഷ്യ ഉക്രൈൻ യുദ്ധം പല രാജ്യങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് ലോകത്ത് ദാരിദ്ര്യം 25 വർഷത്തിനിടയിൽ ആദ്യമായി 2022ൽ ഉയർന്നു ,പക്ഷേ ഇതിനിടയിലും ലോകത്ത് വിജയശ്രീലാളിതരായവർ ഉണ്ട് അതിസമ്പന്നരും വൻകിട കോർപ്പറേറ്റ് കമ്പനികളും വലിയ രീതിയിൽ വരുമാനം ഉണ്ടാക്കുന്നു എന്ന് സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓക്സ്ഫാം (ഓക്സ്ഫെഡ് കമ്മിറ്റി ഫോർ ഫാമിൻ റിലീഫ് )അവതരിപ്പിച്ച അസമത്വം സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓക്സ്ഫാമിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വലിയ പ്രശ്നം അസമത്വമാണ് .ലോകത്തെ 1% വരുന്ന അതികോടീശ്വരന്മാർ ആകെ വരുമാനത്തിന്റെ മൂന്നിൽ രണ്ടും കയ്യടക്കി വച്ചിരിക്കുകയാണ് .ലോകം കടുത്ത പ്രയാസത്തിൽ സഞ്ചരിച്ച കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 99% താഴെ കിടയിലുള്ളവരുടെ വരുമാനത്തേക്കാൾ രണ്ടിരട്ടി വർദ്ധനവാണ് ഒരു ശതമാനം വരുന്ന ശതകോടീശ്വരൻ മാർക്ക് ലഭിച്ചത്.
കാലാവസ്ഥാ വ്യതിയാനം ,വരൾച്ച, ചുഴലിക്കാറ്റ് ,വെള്ളപ്പൊക്കം ,നിർബന്ധിതപാലായനം ,യുദ്ധം ,കോവിഡിന്റെ പുതിയ തരംഗ പ്രവേശനം ,എല്ലാംകൊണ്ടും ലോകം പ്രശ്നത്തിലായപ്പൊഴും ലോകത്തെ ശതകോടീശ്വരന്മാർ അവരുടെ വരുമാനം ക്രമതിതമായി വർധിപ്പിച്ചു കൊണ്ടിരിന്നു 1.7 ബില്യൺ തൊഴിലാളികൾക്ക് പണപ്പെരുപ്പം കാരണം വലിയ രീതിയിൽ വരുമാനം കുറഞ്ഞ ഘട്ടത്തിലാണ് ശതകോടീശ്വരന്മാരുടെ വരുമാനം പല മടങ്ങ് വർദ്ധിക്കുന്നത്. ഭക്ഷണ മേഖലയിലും ഊർജ്ജ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികൾ 2022ൽ അവരുടെ വരുമാനം ഇരട്ടിപിച്ച് 257 ബില്യൺ യൂ എസ് ഡോളർ ഓഹരി ഉടമകൾക്ക് വരുമാനം നൽകിയപ്പോൾ ,800 ദശലക്ഷം ജനങ്ങൾ പുതുതായി അതി ദാരിദ്ര്യത്തിലേക്ക് വഴുതിവീണു .ലോകത്തെ പകുതി ശതകോടീശ്വരന്മാരും ജീവിക്കുന്നത് വലിയ നികുതി ചുമത്താത്ത പിന്തുടർച്ചാവകാശ സ്വത്തുകൾക്ക് നികുതിയില്ലാത്ത രാജ്യങ്ങളിലാണ് .
ലോകത്തെ ശതകോടീശ്വരന്മാർ ഉണ്ടാക്കുന്ന ഒരു വർഷത്തെ ആകെ വരുമാനമായ 1.7 ട്രില്യൻ യുഎസ് ഡോളറിന്റെ 5% മാത്രം മതി ലോകത്തെ 200 കോടി ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷപ്പെടുത്താൻ .ലോകരാജ്യങ്ങൾ 2030 നകം ദാരിദ്ര്യം ഇല്ലാതാക്കും എന്ന് പ്രതിജ്ഞ എടുത്തെങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള അസമത്വത്തിന്റെ അന്തരം കാരണം വർഷങ്ങളുടെ കാത്തിരിപ്പ് ഇനിയും ദാരിദ്ര്യം തുടച്ചുനീക്കാൻ വേണ്ടിവരും എന്ന് സൂചിപ്പിക്കുന്നു .ലോകത്തെ തൊഴിലെടുക്കുന്നവർ വിവിധ രാജ്യങ്ങളിൽ പണ പെരുപ്പം കാരണം പൊറുതിമുട്ടുകയാണ്. ഭരണാധികാരികൾക്ക് സാമ്പത്തിക മാന്ദ്യം കാരണം പിടിച്ച് നിൽക്കാൻ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ന്യൂസിലൻഡിലെ ജസിൻഡാ ആർഡേണിന്റെ രാജി വ്യക്തമാക്കുന്നത് .യുഎൻഡിപിയുടെ കണക്ക് പ്രകാരം ലോകത്ത് 10 രാജ്യങ്ങളിൽ മനുഷ്യ വിഭവശേഷി വികസനം അനുദിനം കുറഞ്ഞുവരുന്നു .ഐഎംഎഫിന്റെ കണക്ക് പ്രകാരം ലോകം സാമ്പത്തിക മാന്യത്തിലേക്ക് നടന്നുനീങ്ങുകയാണ് .ദരിദ്ര രാജ്യങ്ങൾ മുമ്പ് വാങ്ങിയ കടം വീട്ടുന്നതിന് വാങ്ങിയ തുകയുടെ നാലു മടങ്ങ് തിരിച്ചടയ്ക്കേണ്ടതായി വരുന്നു .എല്ലാ രാജ്യങ്ങളിലും മനുഷ്യനുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളിൽ 7.8 ട്രില്യൻ യുഎസ് ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതി സർക്കാരുകൾ നടപ്പിലാക്കുമെന്ന് ഓക്സ്ഫോം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .50%ത്തിലധികം പണപ്പെരുപ്പമുള്ള ഓസ്ട്രേലിയ ,അമേരിക്ക, യൂറോപ്യൻ യൂണിയൻ ,ഇറ്റലി , ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു .ലോകത്ത് കഴിഞ്ഞ 10 വർഷത്തിനിടയിൽ 1% വരുന്ന അതിസമ്പന്നർക്ക് 50 %പുതിയ വരുമാനം ലഭിച്ചപ്പോൾ സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞു എന്ന് കണക്കുകൾ സഹിതം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ:-

ഇന്ത്യയിലും അസമത്വം പ്രകടമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ 61.7 % വും അതിസമ്പന്നന്മാരായ അഞ്ച് ശതമാനത്തിന്റെ കയ്യിലാണ് .1981 മുതൽ 2021 വരെ കാലയളവിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 45% മാത്രമായിരുന്നു അതിസമ്പന്നന്മാരായ 10% ന്റെ കൈയിൽ ഉണ്ടായിരുന്നതെങ്കിൽ 2022ൽ അത് 63% ആയി വർദ്ധിച്ചു .2018ൽ പട്ടിണി അനുഭവിക്കുന്നവർ 19 കോടിയായിരുന്നുവെങ്കിൽ 2022 ൽ അത് 35 കോടിയായി വർദ്ധിച്ചു .ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് നിലവിൽ ചുമത്തുന്ന നികുതിയുടെ 2% വർദ്ധിപ്പിച്ചാൽ ഇന്ത്യയിൽ പോഷകാഹാരം ലഭിക്കാത്തവർക്ക് മൂന്ന് വർഷത്തേക്ക് ഇടതടവില്ലാതെ പോഷകാഹാരം ലഭിക്കുവാൻ സാധിക്കുന്നതാണ് .ഇന്ത്യയിൽ 50% താഴെത്തട്ടിൽ ഉള്ളവരുടെ കയ്യിൽ ദേശീയ വരുമാനത്തിന്റെ 3% മാത്രമാണുള്ളത് എന്ന ഓക്സ്ഫാം റിപ്പോർട്ട് പൂർണമായും നിരാകരിക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 102ൽ നിന്നും 166 വർദ്ധിച്ചു.ആകെ വരുമാനത്തിന്റെ 37 ശതമാനം മാത്രം രാജ്യത്തെ 99% സാധാരണക്കാർക്ക് ലഭിക്കുന്നുള്ളൂ എന്നത് അസമത്വത്തിന്റെ ബഹുമുഖ യാഥാർത്ഥ്യം വിളിച്ചോതുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്ന് ദരിദ്രരാണ്. അതിൽ അഞ്ചു ശതമാനം അതി ദാരിദ്ര്യരാണ് .ദാരിദ്ര്യത്തിലേക്ക് വിവിധ കാരണങ്ങളാൽ വഴുതി വിഴുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിക്കുന്നു .1991ൽ ദേശീയ വരുമാനത്തിന്റെ 16.1% മാത്രം അതിസമ്പന്നരായവരുടെ വരുമാനം ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 40.5 % ആയി വർദ്ധിച്ചു .

അതിസമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തണം:-

ജിഎസ്ടിയുടെ കണക്ക് പരിശോധിച്ചാൽ രാജ്യത്തെ സമ്പന്നന്മാരായ 10% ആളുകൾ 4% മാത്രം നികുതിയടക്കുമ്പോൾ ജിഎസ്ടി യുടെ 64 % അടക്കുന്നത് സാധാരണക്കാരായ 50%താഴെത്തട്ടിലുള്ള ജനങ്ങളാണ് .കൂടുതൽ വരുമാനം ലഭിക്കുന്നവർക്ക് കൂടുതൽ നികുതി എന്ന തത്വം പ്രാവർത്തികമാകേണ്ടാതായിട്ടുണ്ട് .മാന്യമായി നികുതി വൻകിടക്കാർ നൽകേണ്ടി വരും ,ശത കോടീശ്വരനായ ഇലൊൺ മാസ്ക് 2014 മുതൽ 2018 വരെ നികുതി അടച്ചത് ആകെ വരുമാനത്തിന്റെ 3% മാത്രം എങ്കിൽ പാവപ്പെട്ടവർ അവരുടെ വരുമാനത്തിന്റെ 40% നികുതി അടക്കേണ്ടി വരുന്നു .ആഡംബര നികുതി ആകെ നികുതി വരുമാനത്തിന്റെ 4% മാത്രമേ വരുന്നുള്ളൂ .വരുമാനത്തിന്റെ തോത് അനുസരിച്ച് നികുതി ചുമത്തേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ് . 100 രാജ്യങ്ങളിൽ പുരോഗമനപരമായി നികുതി ചുമത്തുന്നില്ല എന്ന് റിപ്പോർട്ട് കുറ്റപെടുത്തുന്നു .അതിൽ 31 % വരുമാനം വെറുതെ രാജ്യങ്ങൾ നഷ്ടപ്പെടുത്തുന്നു .
ലോകത്ത് അസമത്വം കുറക്കണമെങ്കിൽ ശതകോടീശ്വരന്മാരിൽ നിന്നും വൻ കിട കമ്പനികളിൽ നിന്നും പുരോഗമനപരമായ രീതിയിൽ നികുതി ചുമത്തി അത് പ്രയാസം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിച്ചാൽ അസമത്വത്തിന്റെ വിടവ് ഒരു പരിധിവരെ കുറക്കുവാൻ സാധിക്കുന്നതാണ്
By
ടി ഷാഹുൽ ഹമീദ്
9895043496

Leave a comment

Your email address will not be published. Required fields are marked *