April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്*

തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്*

By editor on February 17, 2023
0 125 Views
Share

*തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്*

*വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ‘വിവ കേരളം’: ശ്രദ്ധിക്കാം തടയാം*

*Date : 17-02-2023*

തിരുവനന്തപുരം: ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പലപ്പോഴും തിരക്കിനിടയില്‍ തുടര്‍ച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ക്ക് പറയാന്‍ അറിയില്ല. ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നോക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളര്‍ച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളില്‍ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടെയുള്ള ഇരുമ്പ് അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച പരിഹരിക്കുന്നതിന് സഹായിക്കും. ചില വിളര്‍ച്ച അവസ്ഥകള്‍ രോഗാവസ്ഥകളാണ്. ഇത് കുട്ടികളിലാണെങ്കില്‍ അവരുടെ ബൗദ്ധിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനൊരിടപെടല്‍ അനിവാര്യമായിട്ടുള്ള കാര്യമാണ്. സ്ത്രീകളിലാണെങ്കില്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റേ ഓരോ ഘട്ടത്തിലും ഓരോ മുന്‍ഗണനകളുണ്ട്. ഈ മുന്‍ഗണനകളിലൊന്നും നമ്മുടെ ആരോഗ്യമോ, ആഹാരമോ പലപ്പോഴും കണക്കിലെടുക്കാറില്ല. വിളര്‍ച്ച പരിഹരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

കേരള സര്‍ക്കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാമ്പയിന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളര്‍ച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വിളര്‍ച്ച പരിഹരിക്കാന്‍ കഴിയണം. വിളര്‍ച്ച നല്ലരീതിയില്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും ആവശ്യമാണ്. നമ്മുടെ ലക്ഷ്യം ആരോഗ്യമുള്ളൊരു സമൂഹമാണ്. ഓരോ വ്യക്തിയും, കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കണം. അതില്‍ വിളര്‍ച്ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. വിവ കേരളം കാമ്പയിനില്‍ എല്ലാവരും പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *