April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം 

പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം 

By editor on May 2, 2023
0 141 Views
Share

*പ്രഭാത വാർത്തകൾ*

2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം

➖➖➖➖➖➖➖➖➖➖➖➖➖

 

◾അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 82 ദിവസത്തേക്ക് കേരളത്തിലേക്കു പോകാനാണു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്.

 

◾ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റിവച്ചു. സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണത്തിനു തയാറാണെന്ന് സിബിഐ കോടതിയില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി അടക്കം ഭരണ, പ്രതിപക്ഷ നേതാക്കളെ പ്രതികളാക്കിയാണ് തൃശൂര്‍ സ്വദേശിയായ പി.എല്‍. ജേക്കബ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

◾പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലെ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരു മരണം. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണു സ്ഫോടനമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഇയാള്‍ ഒളിവിലാണ്.

 

◾സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തല അദാലത്തുകള്‍ ഇന്നു മുതല്‍. കരുതലും കൈത്താങ്ങും എന്നു പേരിട്ടിരിക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരും എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥരും പങ്കെടുക്കും. നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പുണ്ടാക്കും. ചില താലൂക്കുകളില്‍ അടുത്തയാഴ്ചയും മേയ് അവസാന വാരത്തിലുമാണ് അദാലത്ത്. സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

 

◾വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വാഹനംമൂലം കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക്. കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് മന്ത്രിവാഹനം വളയം ഭാഗത്തുനിന്ന് വണ്‍വേ തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. പോലീസ് അകമ്പടി ഇല്ലായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തെ കടത്തിവിട്ടത്.

 

◾ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ‘കക്കുകളി’ നാടകം നിരോധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

 

◾ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തെ പിന്തുണയ്ക്കുന്ന സിപിഎം കേരള സ്റ്റോറീസ് സിനിമയെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സിനിമയ്ക്കെതിരെ ആരൊക്കെ വരും എന്നാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

◾കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചാരികളുടെ ഒഴുക്ക്. കുടുംബസമേതമാണ് അവധിക്കാലം ആഘോഷിക്കാന്‍ വാട്ടര്‍ മെട്രോയില്‍ യാത്രക്കായി എത്തുന്നത്. ആറു ദിവസംകൊണ്ട് നാല്‍പതിനായിരത്തിലധികം പേര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.

 

◾സിപിഎം നേതാവും ആലത്തൂരിലെ മുന്‍ എംഎല്‍എയുമായ എം. ചന്ദ്രന്‍ അന്തരിച്ചു. 77 വയസായിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

 

◾വന്ദേഭാരത് ട്രെയിനിനു നേരെ മലപ്പുറം തിരൂരില്‍ കല്ലേറ്. തിരൂര്‍ സ്റ്റേഷനും തിരുന്നാവായ സ്റ്റേഷനും ഇടയിലാണു കല്ലേറുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

◾കൊല്ലം ജില്ലയിലെ കടക്കലില്‍ നാല് പേര്‍ക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

◾അതിരപ്പള്ളിയില്‍ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിന്റെ മുന്‍വശം കാട്ടാന തകര്‍ത്തു. വാല്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ വഴി വരുമ്പോള്‍ ആനക്കയം മേഖലയിലാണ് സംഭവം. കാര്‍ പിറകോട്ടെടുത്തതിനാല്‍ അത്ഭുതകരമായാണ് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

 

◾സൈബര്‍ അധിക്ഷേപം സഹിക്കാനാകാതെ യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയാണു മരിച്ചത്. സുഹൃത്ത് അരുണ്‍ വിദ്യാധറിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്തു.

 

◾ഇടുക്കി കുട്ടിക്കാനത്ത് സ്പോര്‍ട്സ് ക്ലബ്ബ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ മുറി വാടകക്കെടുത്ത് പണംവച്ചു ചീട്ടുകളിച്ച പതിനേഴു പേര്‍ പിടിയിലായി. ചീട്ടുകളിക്ക് വച്ചിരുന്ന 49,000 രൂപയും 13 മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി പ്രസാദ് ജോയ് എന്നയാളാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്.

 

◾ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രിലേതിനേക്കാള്‍ 12 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.

 

◾’ദ കേരള സ്റ്റോറിക്ക്’ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി. പത്തു മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം തുടങ്ങിയവ നീക്കം ചെയ്യണം. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

◾വിവാഹിതനാണെന്നു വ്യക്തമാക്കിയ ശേഷമുള്ള ലിവ് ഇന്‍ റിലേഷന്‍ വിശ്വാസവഞ്ചനയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഒരു വര്‍ഷത്തോളം ഒന്നിച്ചു കഴിഞ്ഞശേഷം, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്സിക്യൂട്ടീവിനെതിരെ പങ്കാളി നല്‍കിയ പരാതിയിലാണ് വിധി. യുവാവ് നഷ്ടപരിഹാരമായി പങ്കാളിക്ക് 10 ലക്ഷം രൂപ പിഴ നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

 

◾ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ പണത്തിനുവേണ്ടിയാണ് സമരം നടത്തുന്നതെന്ന് അധിക്ഷേപിച്ച് ആരോപണവിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ എംപി. ബിജെപിയെ ലക്ഷ്യമിട്ടാണ് പ്രതിഷേധ സമരം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

 

◾സമരം നയിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളായ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിംഗ് സിദ്ധുവും വേദിയിലെത്തി. പോക്സോ ചുമത്തി കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നവ്ജ്യോത് സിംഗ് സിദ്ധു ചോദിച്ചു.

 

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സ്വന്തം പൊങ്ങച്ചമല്ലാതെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചതിനോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു മോദിയെക്കുറിച്ചല്ലെന്നു നരേന്ദ്രമോദി മനസിലാക്കണം. കര്‍ണാടകയ്ക്കുവേണ്ടി എന്തു ചെയ്തെന്നാണു ജനങ്ങളോടു പറയേണ്ടതെന്നും രാഹുല്‍.

 

◾ഓസ്‌കാര്‍ ജേതാവും സംഗീതസംവിധായകനുമായ എ ആര്‍ റഹ്‌മാന്റെ സംഗീതനിശ രാത്രി പത്തിന് അവസാനിപ്പിച്ച് പൂനെ പൊലീസ്. രാത്രി പത്തിനുശേഷവും സംഗീതനിശ തുടര്‍ന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേജില്‍ കയറി വാച്ചില്‍ സമയം കാണിച്ചുകൊണ്ട് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

 

◾തമിഴ്നാട് തിരുവള്ളൂരില്‍ തിളയ്ക്കുന്ന രസത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ മിഞ്ഞൂരിലെ കല്യാണമണ്ഡപത്തിന്റെ അടുക്കളയിലെ തിളയ്ക്കുന്ന രസച്ചെമ്പില്‍ വീണാണ് എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) മരിച്ചത്. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

 

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്കായി നികുതിദായകരുടെ 830 കോടി രൂപ ചെലവിട്ടെന്ന് ആരോപിച്ച ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദന്‍ ഗദവിക്കെതിരേ പോലീസ് കേസെടുത്തു.

 

◾ബ്രിട്ടന്റെ നാല്‍പതാമത്തെ രാജാവായി ചാള്‍സ് മൂന്നാമന്റെ സ്ഥാനാരോഹണം മേയ് ആറിന്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണു കിരീടധാരണ ചടങ്ങിനു പേരിട്ടിരിക്കുന്നത്. വെസ്റ്റ് മിനിസ്റ്റര്‍ ആബേയില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടായിരം പേര്‍ക്കാണു പ്രവേശനം.

 

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖനൗ സൂപ്പര്‍ ജയന്റ്സിനെ 18 റണ്‍സിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 127 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 19.5 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി.

 

◾നാലാം പാദഫലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നാലാം പാദത്തിലെ അറ്റാദായം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,495.6 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,767 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മാര്‍ച്ച് പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ നിഷ്‌ക്രിയ ആസ്തി മൂല്യം 1,736.1 കോടിയായിരുന്ന സ്ഥാനത്ത് ഇത്തവണ 1,193.3 കോടി മാത്രമേ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളൂ. നെറ്റ് എന്‍പിഎ അനുപാതവും മെച്ചപ്പെട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 0.64 ശതമാനമായിരുന്ന നെറ്റ് എന്‍പിഎ അനുപാതം ഈ മാര്‍ച്ച് പാദത്തില്‍ 0.37 ശതമാനമായി താഴ്ന്നു. അതേസമയം, കൊട്ടക് ബാങ്കിന്റെ ജനുവരി മാര്‍ച്ച് കാലയളവിലെ പ്രവര്‍ത്തന ലാഭം 39 ശതമാനം വര്‍ദ്ധനയോടെ 4,647.37 കോടിയായി ഉയര്‍ന്നു.

 

◾കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറയുന്ന ‘2018’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിന്നല്‍ മിന്നണെ’ എന്നു തുടങ്ങുന്ന പാട്ടിന് വില്യം ഫ്രാന്‍സിസ് ആണ് ഈണമൊരുക്കിയത്. ജോ പോള്‍ വരികള്‍ കുറിച്ച പാട്ട് ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു. പ്രതീക്ഷയും ആകാംഷയും ഓര്‍മപ്പെടുത്തലുമായ പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ മഹാപ്രളയ ദിനങ്ങളുടെ ഭീകരതയെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണിയാണു സംവിധാനം. വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചിരിക്കുന്നു. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ.റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര തന്നെ 2018ല്‍ അണിനിരക്കുന്നുണ്ട്.

 

◾ചെറിയ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍ പുറത്ത്. അന്‍വിത രവാലി ഷെട്ടി എന്ന ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. നവീന്‍ പൊലിഷെട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായാണ് നവീന്‍ ചിത്രത്തിലെത്തുന്നത്. അനുഷ്‌ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ റസ്റ്റോറന്റിലേക്ക് നവീന്‍ ജോലിക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

◾ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ക്രൂയിസര്‍ മോഡലായ കൊമാകി റേഞ്ചര്‍ അടിമുടി മുഖം മിനുക്കി എത്തുന്നു. പ്രീമിയം റൈഡിങ് എക്സ്പീരിയന്‍സ് നല്‍കുന്ന കൊമാകി റേഞ്ചിലും ബാറ്ററിയുടെ കാര്യത്തിലും മികച്ച അപ്ഡേറ്റാണ് കൊമാകി പുതിയ മോഡലിനുള്ളത്. എക്സ് ഷോറൂം വില 1.85 ലക്ഷം രൂപയാണ്. കൊമാകി റേഞ്ചര്‍ ഇ-ക്രൂയിസര്‍ ബൈക്കിന്റെ പുതിയ പതിപ്പില്‍ പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഗ്രോസര്‍ വീലുകളും മികച്ച പെയിന്റും ക്രോം ഫിനിഷുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന പിന്‍ സസ്‌പെന്‍ഷനാണുള്ളത്. സ്മാര്‍ട്ട് ബാറ്ററി ആപ്ലിക്കേഷനുള്ള 4.5 കിലോവാട്ട് ലിഥിയം ബാറ്ററിയാണ് ഇതില്‍. 650 സിസി ക്ലാസ് മോട്ടോര്‍സൈക്കിളുകളുടെ അതേ അനുഭവം നല്‍കാന്‍ സാധിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കൊമാകി റേഞ്ചര്‍ ഇലക്ട്രിക്ക് ബൈക്കിന്റെ മാക്സിമം സ്പീഡ്. ഈ വാഹനത്തിന്റെ ബാറ്ററി 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൗണ്ട് സിസ്റ്റവുമടക്കമുള്ള സവിശേഷതകളും ഇലക്ട്രിക്ക് ക്രൂയിസര്‍ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ട്യൂബ്ലെസ് ടയറുമായി വരുന്ന ബൈക്കില്‍ ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. മികച്ച ആക്സിലറേഷനാണ് മറ്റൊരു പ്രധാന സവിശേഷത.

 

◾പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. ‘പ്രണയ മാനിഫെസ്റ്റോ’. ഡോ. സോയ ജോസഫ്. മാതൃഭൂമി. വില 144 രൂപ.

 

◾കത്തുന്ന വെയില്‍ നിന്ന് അല്‍പം ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും തണ്ണിമത്തന്‍ സഹായിക്കും. എന്നാല്‍ തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതെ വന്നേക്കാം. ഇത് ശരീരത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇത് കഴിച്ച് പിന്നാലെ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇവ രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തിന്റെ ദഹനസംവിധാനത്തെ ബാധിക്കുകയും ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. തണ്ണിമത്തന് ശേഷം ഒഴിവാക്കേണ്ട മറ്റൊന്നാണ് പ്രോട്ടീന്‍ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍. തണ്ണിമത്തനില്‍ വൈറ്റമിനുകളും ധാതുക്കളും സ്റ്റാര്‍ച്ചുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കുകയും വയര്‍ കേടാക്കുകയും ചെയ്യും. മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തണ്ണിമത്തനും വയറില്‍ എത്തിയാല്‍ ഇവ രണ്ടും പരസ്പരം ദഹനത്തെ തടയുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. തണ്ണിമത്തന്‍ കഴിച്ച ശേഷം 30 മിനിട്ട് നേരത്തേക്ക് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിന് ഇവയിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ ഈ സമയം കൊണ്ട് സാധിക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.

➖➖➖➖➖➖➖➖➖➖➖➖➖

Leave a comment

Your email address will not be published. Required fields are marked *