April 18, 2025
  • April 18, 2025
Breaking News
  • Home
  • Uncategorized
  • *സായാഹ്ന വാർത്തകൾ* 2023 | മെയ് 3 | ബുധൻ | 1198 | മേടം 19 | അത്തം ➖➖➖➖➖➖➖➖➖➖➖➖➖

*സായാഹ്ന വാർത്തകൾ* 2023 | മെയ് 3 | ബുധൻ | 1198 | മേടം 19 | അത്തം ➖➖➖➖➖➖➖➖➖➖➖➖➖

By editor on May 3, 2023
0 89 Views
Share

*സായാഹ്ന വാർത്തകൾ*
2023 | മെയ് 3 | ബുധൻ | 1198 | മേടം 19 | അത്തം
➖➖➖➖➖➖➖➖➖➖➖➖➖

◾എഐ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി നേരത്തെയും കരാര്‍ ഏറ്റെടുത്തു പങ്കാളിയായിരുന്നതിന്റെ രേഖകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണ്. ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

◾ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു സ്വര്‍ണം കടത്താന്‍ സഹായിക്കാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരണവുമായി കള്ളക്കടത്തു സംഘം. തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. കള്ളക്കടത്തിന്റെ മുപ്പതോളം വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ നാളുകള്‍ക്കകം 14,000 ലേറെ പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. എന്നാല്‍ ഈ സംഘം ഫോളോ ചെയ്യുന്നത് പോലീസിനെയും മാധ്യമങ്ങളെയുമാണ്.

◾കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ചു മറിഞ്ഞ് ദമ്പതികള്‍ ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്. മരത്തംകോട് സ്വദേശികളായ റഹമത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണു മരിച്ചത്. ശ്വാസതടസമുണ്ടായ ഫെമിനയലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനു വന്ന മറ്റൊരു ആംബുലന്‍സ് കുന്നംകുളത്തു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്കേറ്റു.

◾പെരിയാറിലെ കാട്ടിലേക്കു മാറ്റിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തിരികെ വരുമോയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നില്‍ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

◾ഇന്നലെ ഉച്ചമുതല്‍ റേഞ്ചില്‍ ഇല്ലാതിരുന്ന അരിക്കൊമ്പന്‍ ഇന്നു രാവിലെ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കിട്ടി. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ വന മേഖലയിലാണ് അരിക്കൊമ്പന്‍.

◾കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമീന്‍ ഖലീല്‍ (ചിത്രം), കെ.എസ്. പ്രകാശന്‍ (ഡ്രോയിംഗ്), കെ.ആര്‍. ഷാന്‍ (ശില്പം), ശ്രീജ പള്ളം (ചിത്രം), കെ.എസ്. ശ്രീനാഥ് (ന്യൂ മീഡിയ), അനു ജോണ്‍ ഡേവിഡ് (ഫോട്ടോഗ്രഫി), കെ. ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍) എന്നിവര്‍ക്കാണു പുരസ്‌കാരം. അമ്പതിനായിരം രൂപയും ബഹുമതി പത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.

◾കെട്ടിട നികുതി കുറയ്ക്കില്ലെന്നു മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് നികുതി വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനയായിരുന്നു ശുപാര്‍ശ. നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നതു തെറ്റാണെന്നും എംബി രാജേഷ് പറഞ്ഞു.

◾കോവിഡു കാലത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പൊതിച്ചോറു വിതരണം ആരംഭിച്ച ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രശംസിക്കുന്ന വീഡിയോ പങ്കുവച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നു ചെന്നിത്തല വീഡിയോയില്‍ പറയുന്നു.

◾സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലികുട്ടി മുസലിയാരും കോഓഡിനേഷന്‍ ഓഫ് ഇസ്ലമാമിക് കോളജസ് സമിതിയില്‍നിന്ന് രാജിവച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതിപ്പെട്ടു.

◾കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ ചെലവാക്കിയത് 1.14 കോടി രൂപ. ഇതില്‍ 90 ലക്ഷം രൂപ ചെലവാക്കിയത് കൊച്ചി കോര്‍പറേഷനാണ്.

◾എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് കമ്പനിയില്‍ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍ എന്ന് സുധാകരന്‍ ആരോപിച്ചു.

◾മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ ഷാജു പാര്‍ട്ടിവിട്ടു. ഈ മാസം 12 ന് സിപിഎമ്മില്‍ ചേരും. ജെഎസ്എസ് നേതാവായിരുന്ന ഷാജു 2012 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

◾ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിനു രണ്ടു പേരെ തലശ്ശേരി പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി ഷല്‍ക്കീര്‍, തലശേരി ചേറ്റം കുന്ന് സ്വദേശി സഫ്രാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾എഐ ക്യാമറ വിവാദത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് ഉപരോധിച്ചു. പ്രസാഡിയോ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പതിച്ചു.

◾നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയിലെ എല്ല് പൊട്ടി. ചികില്‍സാ പിഴവുമൂലം ഇടതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവത്തിനിടെയാണ് കുഞ്ഞിന്റെ കൈയിനു പരിക്കുണ്ടായത്.

◾വയനാട്ടില്‍ കടബാധ്യതമൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (55) ആണ് മരിച്ചത്.

◾ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനു പിഴ അടയ്ക്കണമെന്ന് പിക്കപ്പ് വാനിനു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിചിത്ര നോട്ടീസ് ലഭിച്ചത്.

◾തൃശൂര്‍ കൊരട്ടി പൊങ്ങത്ത് പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. ചക്ക്യത്ത് ഷെര്‍ളി (54) ആണു മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലാണ് ഇരുവര്‍ക്കും തീപിടിച്ചത്. എങ്ങനെ തീപിടിച്ചെന്ന് കണ്ടെത്താനായിട്ടില്ല.

◾കോഴിക്കോട് കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ചിലര്‍ കൈയേറിയതു തിരിച്ചു പിടിക്കണമെന്നും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിലെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും തൊഴിലാളികള്‍. മന്ത്രിമാര്‍ പങ്കെടുത്ത താലൂക്ക് അദാലത്തിലാണു പരാതിയുമായി തൊഴിലാളികള്‍ എത്തിയത്.

◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ എംപിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ശ്രമിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. ബ്രിജ് ഭൂഷണെതിരേ കോടതി ഉത്തരവനുസരിച്ചു കേസെടുത്ത ഡല്‍ഹി പൊലീസ് പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നു കായികതാരങ്ങള്‍.

◾ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിമ്പിക്സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ എംപി. താരങ്ങളെ വിമര്‍ശിച്ച ഉഷയുടെ നിലപാടിനെതിരേ പരക്കേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിഹാരമുണ്ടാക്കുമെന്ന് ഉഷ പറഞ്ഞെന്നു ഗുസ്തി താരങ്ങള്‍ വെളിപെടുത്തി.

◾പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറിലധികം ചിത്രങ്ങളില്‍ ഹാസ്യ താരമായി അഭിനയിച്ചിട്ടുണ്ട്.

◾ഡല്‍ഹിയിലേയും ഹരിയാനയിലേയും അധോലോക കേന്ദ്രങ്ങളില്‍ റെയ്ഡ്. ആയുധങ്ങളും പണവും പിടിച്ചെടുത്തു. ഇരുപതിടങ്ങളിലാണ് റെയ്ഡ് നടന്നത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍നിന്ന് ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യത്തിലൂടെ 3195 പേരെ ഇന്ത്യയിലെത്തിച്ചു. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ് നടത്തി. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

◾പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചു മാസത്തിനിടെ രണ്ടു തവണ വധുവായി വിറ്റ സംഭവത്തില്‍ അന്വേഷണം. മധ്യപ്രദേശിലാണു സംഭവം. രണ്ടാമതായി പെണ്‍കുട്ടിയെ വാങ്ങിയ വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടതിനു പിറകേ, ഓടി രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

◾ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

◾സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45,200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില. 45,320 രൂപയാണ് സ്വര്‍ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില. ഈ വര്‍ഷം ഏപ്രില്‍ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതോടെ സ്വര്‍ണ വില ട്രായ് ഔണ്‍സിന് വീണ്ടും 2000 ഡോളര്‍ കടന്ന് 2020 ഡോളറിലേക്ക് എത്തി. ഇന്നലെ മാത്രം 40 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ വില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.80ലുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നു. ഇതേത്തുടര്‍ന്ന് കേരള വിപണിയില്‍ സ്വര്‍ണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ച് ഗ്രാമിന് 5650 രൂപയും പവന് 45,200 രൂപയുമായി.

◾ഉപഭോക്താക്കള്‍ക്ക് കിടിലന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എന്‍എല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 160 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഏകദേശം അഞ്ച് മാസത്തിലധികം സേവനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ലോക്കല്‍ സര്‍വീസ് ഏരിയയിലും, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള ദേശീയ റോമിംഗ് ഏരിയകളിലും ലോക്കല്‍, എസ്ഡി കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ്. കൂടാതെ, 100 സൗജന്യ എസ്എംഎസും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 2 മാസത്തേക്ക് റിംഗ് ബാക്ക് ടോണിന്റെ ആനുകൂല്യവും ലഭിക്കുന്നതാണ്. ഈ പ്ലാന്‍ ലഭിക്കുന്നതിനായി 997 രൂപയാണ് ഉപഭോക്താക്കള്‍ ചെലവഴിക്കേണ്ടത്.

◾മലയാളത്തിന്റെ ഹിറ്റ് കോമ്പോ മാത്യു തോമസിനും നസ്ലെനുമൊപ്പം ടൈറ്റില്‍ കഥാപാത്രമായി ഒരു നായ എത്തുന്ന ചിത്രമാണ് ‘നെയ്മര്‍’. ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇളമൈ കാതല്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ആന്റണി ദാസന്‍ ആണ് ആലാപനം. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

◾നടന്‍ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകന്‍ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ‘ഛത്രപതി’. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തിയ എസ്എസ് രാജമൗലിയുടെ 2005 ലെ ബ്ലോക്ക്ബസ്റ്ററിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ബഡ്ജറ്റിലും സ്‌കെയിലും ഒറിജിനല്‍ തെലുങ്ക് ഛത്രപതിയെക്കാള്‍ ഏറെ മുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എസ്എസ് രാജമൗലിയുടെ തെലുങ്ക് ഛത്രപതി ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെക്കുറിച്ചായിരുന്നുവെങ്കില്‍, ഹിന്ദി പതിപ്പ് ഇന്ത്യ-പാക് പാശ്ചത്തലത്തിലാണ്. പാകിസ്ഥാനില്‍ നിന്നുള്ള പലായനത്തിനിടെ വേര്‍പ്പെട്ട അമ്മയെ തേടിയുള്ള ശിവാജി എന്ന യുവാവിന്റെ പോരാട്ടമാണ് ചിത്രം. ബെല്ലംകൊണ്ട ശ്രീനിവാസിന് പുറമെ നുഷ്രത്ത് ഭരുച്ച, ഫ്രെഡി ദാരുവാല, രാജേന്ദ്ര ഗുപ്ത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തനിഷ്‌ക് ബാഗ്ചിയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് കെജിഎഫ് ബിജിഎം ചെയ്ത രവി ബസ്രൂര്‍ ആണ്. ചിത്രം മെയ് 12ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.

◾വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നല്‍കി നടന്‍ ശേഖര്‍ സുമന്‍. ഓണ്‍റോഡ് വില ഏകദേശം 2.4 കോടി രൂപയാണ് ഇതിന്. ‘ആഡംബര സമ്മാന’ത്തെക്കുറിച്ച് ശേഖറിന്റെ മകന്‍ ആദിത്യന്‍ സുമനാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഓക്സൈഡ് ക്രേ മെറ്റാലിക് നിറമാണ് കാറിന്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികത്തിന്റെ ആശംസ നേരുന്നതിനൊപ്പം അമ്മയ്ക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് കുറിപ്പും പങ്കുവച്ചിട്ടുണ്ട് ആദിത്യന്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവിക്ക് നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8കെ ഫോള്‍ഡബിള്‍ ഡിസ്പ്ലെയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്.

◾കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രന്ഥകര്‍ത്താവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന കൃതിയുടെ ഗണത്തില്‍പെടുത്താവുന്ന രചനയാണ് കെ.ജി. രഘുനാഥിന്റെ കാമധേനു എന്ന നോവല്‍. ‘കാമധേനു’. കെ.ജി. രഘുനാഥ്. ലിറ്റില്‍ ഗ്രീന്‍. ഗ്രീന്‍ ബുക്സ്. വില 162 രൂപ.

◾ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ചെറിയൊരു മയക്കം പലരെയും സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ വയ്യാത്ത ഒരു ശീലമാണ്. എന്നാല്‍ ഈ ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ചയാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഫലം ഒബീസിറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ശരാശരി 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. 30 മിനിറ്റിലധികം നേരം ഉച്ചമയക്കത്തിലേര്‍പ്പെടുന്നവരില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ചയാപചയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത 8.1 ശതമാനം മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. ആഴ്ചയിലൊന്നെങ്കിലും ദീര്‍ഘമായ ഉച്ചമയക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഇവര്‍ പുകവലിക്കാനുള്ള സാധ്യതയും അധികമാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.79, പൗണ്ട് – 102.41, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 92.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 216.98, കുവൈത്ത് ദിനാര്‍ -267.04, ഒമാനി റിയാല്‍ – 212.50, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 60.07.
➖➖➖➖➖➖➖➖➖➖➖➖➖

Leave a comment

Your email address will not be published. Required fields are marked *