April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിലയേറിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ചു. ഉദ്യോഗസ്ഥന് സസ്പെൻഷൻ

വിലയേറിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ചു. ഉദ്യോഗസ്ഥന് സസ്പെൻഷൻ

By editor on May 26, 2023
0 312 Views
Share

ഛത്തീസ്ഗഡ് ∙ ജലസംഭരണിയിൽ വീണ വിലകൂടിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളംവറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിന്റെ വാക്കാൽ അനുമതി വാങ്ങുകയായിരുന്നു. പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് അനുമതി വാങ്ങാതിരിക്കുകയും ചെയ്തതിന് ജില്ലാ കലക്ടര്‍ ആണ് രാജേഷിനെ സസ്പെൻഡ് ചെയ്തത്.

 

അവധിക്കാലം ആഘോഷിക്കാൻ ഖേർകട്ട അണക്കെട്ട് പരിസരത്ത് എത്തിയതായിരുന്നു രാജേഷ്. ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ വെള്ളത്തിൽ വീണു. പ്രദേശവാസികൾ ഫോണിനായി വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കി കളഞ്ഞത്. 1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. പരാതിയെ തുടർന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ ഓവർഫ്ലോ ഭാഗത്ത് വീണതെന്നും ഒൗദ്യോഗിക വിവരങ്ങൾ അടങ്ങുന്ന ഫോൺ ആയതിനാലാണ് എടുക്കാൻ തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു. ഫോൺ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ പ്രദേശത്തെ പൂർവിക സ്വത്തായാണ് സ്വേച്ഛാധിപത്യ സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ് ആരോപിച്ചു. കൊടും ചൂടിൽ ജനങ്ങൾ കുടിവെള്ളത്തിനായി വാട്ടർ ടാങ്കറുകളെ ആശ്രയിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥൻ വെള്ളം ഒഴുക്കികളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിവില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി അമർജിത്ത് ഭഗത് പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *