April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഒഡീഷയിലെ കണ്ണീരില്‍ കൈപിടിച്ച്‌ ലോകം; ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കള്‍ രംഗത്ത്

ഒഡീഷയിലെ കണ്ണീരില്‍ കൈപിടിച്ച്‌ ലോകം; ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കള്‍ രംഗത്ത്

By editor on June 3, 2023
0 250 Views
Share

ദില്ലി: ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കള്‍ രംഗത്ത്.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാൻ രംഗത്തെത്തിയത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായാണ് റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിൻ ആശംസിച്ചു. ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.

 

ഒഡിഷ ട്രെയിൻ ദുരന്തം: മരണസംഖ്യ വീണ്ടും ഉയര്‍ന്നു, 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

 

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രെയിൻ അപകടത്തില്‍ അഗാത ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും നരേന്ദ്രമോദിയോടൊപ്പവും ഒഡീഷയിലെ ദാരുണമായ സംഭവങ്ങളാല്‍ ബാധിക്കപ്പെട്ട എല്ലാവ‍ര്‍ക്കുമൊപ്പം ഉണ്ടെന്നും സുനക്ക് വ്യക്തമാക്കി. അപകടത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖപ്പെടട്ടെയന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബാലസോര്‍ അപകടത്തില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റും അനുശോചനം രേഖപ്പെടുത്തി. ‘അനേകം പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഈ ദു:ഖസമയത്ത് യൂറോപ്പ് ഒപ്പമുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ അറിയിച്ചത്. തുര്‍ക്കിയും അനുശോചനം അറിയിച്ചു.

 

ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തില്‍ ദുഃഖിതനാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും അനുശോചനത്തില്‍ അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കുന്നതായും കിഷിദ വ്യക്തമാക്കി. ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും എന്റെ ഹൃദയം തകര്‍ക്കുന്നു എന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അയയ്ക്കുന്നുവെന്നും കാനഡ ഇന്ത്യൻ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും ട്രൂഡോ വ്യക്തമാക്കി.

 

അനുശോചനം അറിയിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രംഗത്തെത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്‍ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Leave a comment

Your email address will not be published. Required fields are marked *