April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യം മൂടിവെക്കാനാവില്ല: യെച്ചൂരി

മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യം മൂടിവെക്കാനാവില്ല: യെച്ചൂരി

By editor on June 13, 2023
0 97 Views
Share

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കര്‍ഷക സമര കാലത്ത് മോദി സര്‍ക്കാരില്‍ നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

 

“മാധ്യമങ്ങളെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസില്‍ ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്‍റെ സത്യത്തെ അവ്യക്തമാക്കാനാവില്ല”- സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

 

കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് ചെയ്തും ജലപീരങ്കി ഉപയോഗിച്ചുമാണ് മോദി സര്‍ക്കാര്‍ നേരിട്ടത്. 750 പേര്‍ രക്തസാക്ഷികളായി. ഒടുവില്‍ മോദിക്ക് പിൻവാങ്ങേണ്ടി വന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ സീതാറാം യെച്ചൂരി ഇതുവരെ പ്രതികരിച്ചിട്ടില്ല. “മിസ്റ്റര്‍ യെച്ചൂരി, സഖാവ് പിണറായിക്കും സര്‍ക്കാരിനും ഇതൊക്കെ ബാധകമാണോ?” എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ചോദ്യം.

 

ട്വിറ്റര്‍ ഓഫീസ് അടച്ചുപൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും’; കര്‍ഷകസമരക്കാലത്ത് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് മുൻ സി.ഇ.ഒ

ബ്രേക്കിങ് പോയിന്‍റ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച്‌ ജാക്ക് ഡോര്‍സി സംസാരിച്ചു. അപ്പോഴാണ് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കര്‍ഷക സമരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പിൻവലിക്കാൻ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തല്‍. വഴങ്ങിയില്ലെങ്കില്‍ ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഡോര്‍സി ആരോപിച്ചു.

 

എന്നാല്‍ ഡോര്‍സിയുടെ ആരോപണം വ്യാജമാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ട്വിറ്റര്‍ കോണ്‍ഗ്രസിന്‍റെ ടൂള്‍ കിറ്റ് ആണെന്നും ബി.ജെ.പി ആരോപിച്ചു. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാൻ മാത്രമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ട്വിറ്റര്‍ 2020 മുതല്‍ 2022 വരെ നിരന്തരം വീഴ്ചകള്‍ വരുത്തിയെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. എന്നാല്‍ അപ്രിയ സത്യങ്ങള്‍ പറയുന്ന മാധ്യമങ്ങളെ നിശബ്ദമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *