April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പനിച്ചുവിറച്ച്‌ കേരളം; സംസ്ഥാനത്ത് ചികിത്സ തേടിയത് 12876 പേര്‍, മലപ്പുറത്ത് പനി ബാധിതരുടെ എണ്ണം 2000 കടന്നു

പനിച്ചുവിറച്ച്‌ കേരളം; സംസ്ഥാനത്ത് ചികിത്സ തേടിയത് 12876 പേര്‍, മലപ്പുറത്ത് പനി ബാധിതരുടെ എണ്ണം 2000 കടന്നു

By editor on June 20, 2023
0 109 Views
Share

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി.

അതേസമയം, മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2095 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയത്. സംസ്ഥാനത്ത് 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ പകുതിയും എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ ഇന്ന് 64 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും പ്രതിരോധ മരുന്ന് കഴിക്കാത്തവരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച്‌ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, ജാഗ്രത വേണം, മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും: മന്ത്രി വീണാജോര്‍ജ്

 

എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം: മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *