April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്ത് പനി വ്യാപിക്കുന്നു; ഇന്ന് ആറ് മരണം, നാലുപേര്‍ മരിച്ചത് ഡെങ്കിപ്പനി മൂലം

സംസ്ഥാനത്ത് പനി വ്യാപിക്കുന്നു; ഇന്ന് ആറ് മരണം, നാലുപേര്‍ മരിച്ചത് ഡെങ്കിപ്പനി മൂലം

By editor on June 21, 2023
0 136 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് പനിമൂലം മരിച്ചത്.

കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോണ്‍ (70), ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), ആയുര്‍ വയ്യാനം സ്വദേശി ബഷീര്‍ (74) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലിരിക്കേ മരണമടഞ്ഞു.

ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്, മൂവാറ്റുപുഴയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേര്‍. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്ബതികളുടെ മകനായ അഭിജിത് പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

 

ഈ മാസം പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതില്‍ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ്. സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും വരുന്ന ആഴ്ച്ചകളിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച്ച സ്കൂളുകളിലും ശനിയാഴ്ച്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിര്‍ദേശം.

 

എന്താണ് ഡെങ്കിപ്പനി?

 

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

 

രോഗലക്ഷണങ്ങള്‍

 

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

 

അപകടസൂചനകള്‍

 

പനി കുറയുമ്ബോള്‍ തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളര്‍ച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ എത്തിക്കണം.

ചികിത്സ പ്രധാനം

 

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതര്‍ പൂര്‍ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം.

 

തുരത്താം, കൊതുകിനെ

 

കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്ബില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.

ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച്‌ പൂര്‍ണമായി മൂടിവെക്കുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.

ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടം നശിപ്പിച്ച്‌ ഡ്രൈഡേ ആചരിക്കുക.

Leave a comment

Your email address will not be published. Required fields are marked *