April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആഡംബര കാറില്‍ 221 കിലോ കഞ്ചാവ്, ഉറവിടം തേടി കേരള പൊലീസ് ഒഡീഷയില്‍: ‘ഗഞ്ച റാണി’യും കൂട്ടാളിയും പിടിയില്‍

ആഡംബര കാറില്‍ 221 കിലോ കഞ്ചാവ്, ഉറവിടം തേടി കേരള പൊലീസ് ഒഡീഷയില്‍: ‘ഗഞ്ച റാണി’യും കൂട്ടാളിയും പിടിയില്‍

By editor on July 1, 2023
0 87 Views
Share

 

തൃശൂര്‍: നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും ആഡംബര കാറില്‍ 221 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒഡീഷയില്‍ നിന്നും വൻ മാഫിയ തലവനും കൂട്ടാളിയും പിടിയില്‍.

പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തൃശൂര്‍ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയില്‍ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുണ്‍ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.

 

നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ടി.ജി.ദിലീപും സംഘവും ചേര്‍ന്ന് ഒറീസയില്‍ നിന്നും സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ് കാറില്‍ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ടി.ജി. ദീലീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇത്രയും വലിയ അളവില്‍ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ശ്രമം ആരംഭിച്ചിരുന്നു.

 

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒറീസയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കാടിനാല്‍ ചുറ്റപ്പെട്ട വിദൂര ഗ്രാമത്തില്‍ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്. കേരള പൊലീസ് ഇവിടെയെത്തി യഥാര്‍ത്ഥ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഡീഷ ഗജപതി ജില്ലയിലെ “ഗഞ്ചറാണി’ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച നമിത പരീച്ച എന്ന സ്ത്രീയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചത്.

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കേരളത്തിലേക്ക് വൻതോതില്‍ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നല്‍കുന്നത് എന്ന സുപ്രധാന വിവരം ലഭിച്ചത്. ഇവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച അന്വേഷണസംഘം, ഈ മാസം 14ന് കഞ്ചാവ് വിറ്റ പണം വാങ്ങുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ ഭര്‍ത്താവും കഴിഞ്ഞ ഇരുപത് കൊല്ലമായി ഒറീസയില്‍ താമസിച്ചു വരുന്നതും കേസിലെ ഇടനിലക്കാരനുമായ സാജനെ പാലക്കാട് വെച്ച്‌ പിടികൂടി. വളരെ അപൂര്‍വമായി മാത്രം കേരളത്തിലേക്ക് വന്നിരുന്ന സാജനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് ഈ കേസില്‍ ഒരു വലിയ വഴിത്തിരിവുണ്ടാക്കി.

 

.തുടര്‍ന്ന് സാജനുമായി പത്തുദിവസം മുമ്ബ് പ്രത്യേക വാഹനത്തില്‍ നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒഡീഷയിലെത്തി. അതീവ രഹസ്യമായി ഒഡീഷയില്‍ പത്തുദിവസത്തോളം ക്യാമ്ബ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അവിടത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒഡീഷയിലെ ഗജപതി, ഗഞ്ചം, റായ്ഗഡ ജില്ലകളില്‍ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തുവരുന്നുണ്ട്. മുമ്ബ് വലിയതോതില്‍ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന പ്രസ്തുത പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് കഞ്ചാവ് കൃഷി വലിയ തോതില്‍ ചെയ്തുവന്നിരുന്നത്.

 

എന്നാല്‍ കേന്ദ്രസേനയുടെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാവോയിസ്റ്റുകളുടെ സ്വാധീനം വലിയതോതില്‍ കുറഞ്ഞെങ്കിലും കാടുകളാല്‍ ചുറ്റപ്പെട്ട വിദൂര ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും കഞ്ചാവ് കൃഷി ചെയ്തു വരുന്നുണ്ട്. കേരള പൊലീസ് സംഘം ഒറീസയിലെത്തി നടത്തിയ അന്വേഷണത്തിനിടെ ബര്‍ഹാംപൂരിലുള്ള ദേശീയപാതയില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയ അരുണ്‍ നായിക്കിനെ പിടികൂടുകയും അയാളുടെ സഹായത്തോടെയാണ് ചുഡാംഗ്പൂര്‍ എന്ന വിദൂരമായ ഗ്രാമത്തില്‍വെച്ച്‌ നമിത പരീച്ചയെ കണ്ടെത്താൻ കഴിഞ്ഞത്.

പൊലീസ് പിടികൂടുന്ന പ്രതികളെ ബലം പ്രയോഗിച്ച്‌ മോചിപ്പിക്കുന്നതും പൊലീസ് സ്റ്റേഷൻ ആക്രമവും പതിവായ പ്രദേശമായതിനാല്‍ പ്രദേശത്തെ കഞ്ചാവ് മാഫിയ തലവനായ നമിത പരീച്ചയെ പിടികൂടുക എന്നത് തീരെ എളുപ്പമായിരുന്നില്ല. ഒഡീഷ കേഡര്‍ മലയാളി ഐപിഎസ് ഓഫീസറും ഗജപതി ജില്ല പൊലീസ് സൂപ്രണ്ടുമായ സ്വാതി.എസ്.കുമാറിന്റെ സഹായം ലഭിച്ചതോടെ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജിതമായി. തുടര്‍ന്ന് അഡബ, മോഹന എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തേടിയശേഷം കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം അവരെ ഗ്രാമത്തില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

വര്‍ഷങ്ങളായി കേരളം, രാജസ്ഥാൻ, ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിന് നേതൃത്വം കൊടുക്കുന്ന മാഫിയതലവനാണ് നമിത പരീച്ച. ആദ്യമായാണ് ഇവര്‍ അറസ്റ്റിലാകുന്നത്. നമിതയുടെ ഭര്‍ത്താവ് സാജന്റെ പേരില്‍ ഒറീസയിലെ മോഹന പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള മലയാളികളും പ്രതികളാണ്. ആ കേസില്‍ സാജൻതോമസ് ഏഴുവര്‍ഷത്തോളം ബെര്‍ഹാംപൂര്‍, പര്‍ലാക്കാമുണ്ഡി ജയിലുകളില്‍ കിടന്നിട്ടുണ്ട്. നമിതയുടേയും സാജന്റേയും ഇടപാടുകാര്‍ കഞ്ചാവ് വാങ്ങുന്നതിന് കൊണ്ടു വരുന്ന വാഹനം ഏറ്റുവാങ്ങി, കഞ്ചാവ് നിറച്ച്‌ തിരികെ, ഏതാണ്ട് 90 കിലോമീറ്റര്‍ അകലെയുള്ള ബെര്‍ഹാംപൂരിലുള്ള ദേശീയപാതയില്‍ എത്തിച്ചുനല്‍കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.

അതിനാല്‍ തന്നെ, കഞ്ചാവു കടത്തുന്ന പ്രതികള്‍ പിടിക്കപ്പെട്ടാലും, കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. അരുണ്‍ നായിക് ആണ് ഇത്തരം കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്നും ഏതാണ്ട് 1800 കിലോമീറ്ററിലധികം ദൂരം തൃശ്ശൂരിലേക്ക് ഉള്ളതിനാല്‍ ഒറീസയിലെ മോഹന മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷമാണ് തൃശ്ശൂര്‍ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

 

കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി കഞ്ചാവ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് ഒറീസയിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഞ്ചാവ് കേസിലെ ഉറവിടം തേടി പല സംസ്ഥാനങ്ങളില്‍ നിന്നും പൊലീസ് സംഘം വരാറുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ആദ്യമായെന്നാണ് അവര്‍ പറയുന്നത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ നെടുപുഴ ഇൻസ്പെക്ടര്‍ ടി.ജി.ദിലീപിനെ കൂടാതെ തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ എസ്.ഐ പി. രാഗേഷ്, എ.എസ്.ഐ. സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.വി. ജീവൻ, വിബിൻദാസ്, രഞ്ജിത്ത്, അക്ഷയ്, അര്‍ജുൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *