April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കില്‍ അവധി തലേന്ന് പ്രഖ്യാപിക്കണം; കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കില്‍ അവധി തലേന്ന് പ്രഖ്യാപിക്കണം; കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

By editor on July 4, 2023
0 102 Views
Share

തിരുവനന്തപുരം : മഴയുണ്ടെങ്കില്‍ സ്കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം.

രാവിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച്‌ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ച്‌ മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. ഇന്നലെ കാസര്‍കോട്ടെ സ്കൂളില്‍ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് അതീവ ജാഗ്രത, മഴ ശക്തമായി; 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്, വ്യാപക നാശനഷ്ടം

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തില്‍ എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴക്കെടുതികള്‍ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും പുറപ്പെടുവിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ‘ഓറഞ്ച് ബുക്ക് 2023’ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാൻ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സദാസമയവും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

Leave a comment

Your email address will not be published. Required fields are marked *