April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി* 05-07-2023

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി* 05-07-2023

By editor on July 5, 2023
0 137 Views
Share

*സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*

 

05-07-2023

കൊച്ചി: സംസ്ഥാനത്ത് കാലവർഷം അതിരൂക്ഷമായി തുടരുകയും മിക്കയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിലെ രണ്ട് താലൂക്കുകൾക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിനും നാളെ അവധി പ്രഖ്യാപിച്ചു.

 

*കോട്ടയം* ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീമതി വി. വിഘ്നേശ്വരി നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

 

*ഇടുക്കി* ജില്ലയിൽ ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീമതി ഷീബാ ജോർജ് അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

 

*തൃശ്ശൂർ* ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ശ്രീ. വി.ആർ. കൃഷ്ണ തേജ അറിയിച്ചു.

 

*പാലക്കാട്* ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീമതി ഡോ. എസ്. ചിത്ര നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്.

 

*കോഴിക്കോട്* ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീമതി എ. ഗീത നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

 

*കണ്ണൂർ* ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീ. എസ്. ചന്ദ്രശേഖർ നാളെ അവധി പ്രഖ്യാപിച്ചു. എന്നാൽ ജില്ലയിൽ നാളെ നടത്താനിരുന്ന സർവകലാശാല/പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

 

*കാസറഗോഡ്* ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീ. കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

 

പത്തനംതിട്ട ജില്ലയിൽ *തിരുവല്ല, മല്ലപ്പള്ളി* താലൂക്കുകളിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശ്രീമതി ഡോ. ദിവ്യ എസ്. അയ്യർ നാളെ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

 

ആലപ്പുഴ ജില്ലയിൽ *കുട്ടനാട്* താലൂക്കിലെ മുഴുവൻ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ടൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും കുടാതെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ശ്രീമതി ഹരിത വി. കുമാർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

 

നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്നും കളക്ടർമാർ നിർദ്ദേശം നൽകി.

Leave a comment

Your email address will not be published. Required fields are marked *