April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി ഹൗസില്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി ഹൗസില്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

By editor on July 18, 2023
0 166 Views
Share

തിരുവനന്തപുരം: ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന് ദീര്‍ഘവിരാമമിട്ട് ഓര്‍മയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി.

വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളി ഹൗസിലുണ്ട്. ഏറെ പണിപ്പെട്ടാണ് ആംബുലൻസില്‍ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.

 

പുതുപ്പള്ളി ഹൗസില്‍ പ്രത്യേക പ്രാര്‍ത്ഥന വൈദികരുടെ നേതൃത്വത്തില്‍ നടത്തി. ഇതിന് ശേഷം പൊതുദര്‍ശനത്തിനായി സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടര്‍ന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.

 

മറ്റന്നാള്‍ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.

 

നീണ്ട 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ഉമ്മൻചാണ്ടി. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം നൂറ് കണക്കിന് വാഹനങ്ങളുടെയും വൻ ജനാവലിയുടെയും അകമ്ബടിയോടെയാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്.

Leave a comment

Your email address will not be published. Required fields are marked *