April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ അവസാനയാത്ര, അത്രമേല്‍ വേദനയില്‍ കേരളം; അവധിയും ഗതാഗത നിയന്ത്രണവുമടക്കം അറിയാം

പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ അവസാനയാത്ര, അത്രമേല്‍ വേദനയില്‍ കേരളം; അവധിയും ഗതാഗത നിയന്ത്രണവുമടക്കം അറിയാം

By editor on July 19, 2023
0 123 Views
Share

തിരുവനന്തപുരം: ജനനായകൻ ഉമ്മൻചാണ്ടിയുടെ വിയോഗത്തില്‍ അത്രമേല്‍ വേദനിക്കുകയാണ് കേരളത്തിന് എന്ന് വ്യക്തമാക്കുന്നതാണ് മരണവാര്‍ത്ത അറിഞ്ഞശേഷമുള്ള ഓരോ കാഴ്ചയും.

തലസ്ഥാനത്ത് അന്ത്യാഞ്ജലി അ‍ര്‍പ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച്‌ ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

 

എങ്ങും കണ്ണീരും സ്നേഹവും, രാത്രി വൈകിയും ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ ജനസാഗരം, നെഞ്ചുലച്ച്‌ പൊതുദര്‍ശനം

 

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

 

ഗതാഗത നിയന്ത്രണം

 

അതേസമയം തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എം സി റോഡില്‍ ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് രാവിലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലര്‍ച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.

 

പുതുപ്പള്ളിയില്‍ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ അറിയാം

 

1. തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയില്‍ നിന്നും മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ IHRD ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

4. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി IHRD ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി IHRD ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

 

കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

 

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കളക്ടര്‍ വിവരിച്ചു.

Leave a comment

Your email address will not be published. Required fields are marked *