April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ശോഭാ സുരേന്ദ്രനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം

ശോഭാ സുരേന്ദ്രനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം

By editor on July 21, 2023
0 177 Views
Share

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ കോഴിക്കോട്ട് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം.

ബി.ജെ.പിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി. മുരളീധരപക്ഷമാണ് രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരത്തിലാണ് ശോഭ പങ്കെടുക്കുന്നത്. ജൂലൈ മാസം ഇത് രണ്ടാം തവണയാണ് ശോഭ കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്.

 

സംഘടനയെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ക്ക് മുൻപില്‍ പരസ്യമായി വിമര്‍ശിക്കുന്ന ഈ വ്യക്തിയെ എന്തിനാണ് ഇത്തരം പരിപാടികളില്‍ വിളിക്കുന്നത് എന്നാണ് BJP KOZHIKODE DIST എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലെ മെസേജ് ആരംഭിക്കുന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുമോ? എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം? സംഘടനയുടെ ഭാഗത്തോ നേതൃത്വത്തിന്റെ ഭാഗത്തോ തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കുക തന്നെ വേണം, പക്ഷേ അത് മാധ്യമങ്ങളുടെ മുന്നിലല്ല വേണ്ടത് എന്ന അഭിപ്രായക്കാരനാണ് ഞാൻ. ദേശീയ നേതാക്കളെ അടക്കം പേരെടുത്ത് വിമര്‍ശിച്ച ഇത്തരം നേതാക്കള്‍ക്കെതിരേ സംഘടന ശക്തമായ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?- എന്നിങ്ങനെയാണ് ശോഭ പങ്കെടുക്കുന്ന രാപ്പകല്‍ സമരത്തിന്റെ സന്ദേശത്തോടുള്ള പ്രതികരണമായി ഗ്രൂപ്പില്‍ വന്നിട്ടുള്ള മെസേജ്.

 

വാട്ട്സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്ക്രീൻ ഷോട്ട് | Image : Special arrangement

 

അതേസമയം, ഔദ്യോഗികമായി ബി.ജെ.പിയുടെ ഗ്രൂപ്പില്‍ തനിക്കെതിരെ പരാമര്‍ശം വന്നാല്‍ അത് പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ മാതൃഭൂമി ഡോട്ട്കോമിനോടു പ്രതികരിച്ചു. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് പോകാനാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നത്. എവിടെയും പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം ശോഭയ്ക്കുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. പൊതുപ്രവര്‍ത്തനത്തിലുള്ള വ്യക്തി എന്ന നിലയില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പാര്‍ട്ടിക്കെതിരെ താൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ കൂടി പാര്‍ട്ടി ആണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ഘട്ടത്തിലാണ് പറഞ്ഞതെന്നും ശോഭ പറഞ്ഞു. മാനസികസമ്മര്‍ദം ആരെങ്കിലും ഉണ്ടാക്കിയാല്‍ വീട്ടിനകത്തു ഇരുന്നിട്ട് വീണ്ടും പ്രവര്‍ത്തിക്കാൻ വന്നാല്‍ അതില്‍ എന്താണ് തെറ്റുള്ളത്. കേരളത്തിലെ ജനങ്ങളെ കണ്ടിട്ടുള്ളത് കക്ഷി രാഷ്ട്രീയത്തിനു അതീതമായിട്ടാണ്. എന്നേക്കാള്‍ കൂടുതല്‍ കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളുകള്‍ മാറിയിരിക്കുന്നുണ്ടെങ്കില്‍ അവര്‍ കൂടി പ്രവര്‍ത്തിക്കാൻ വരണം എന്നാണ് താൻ പറഞ്ഞത്. അനുഭവ സമ്ബത്തുള്ള ആളുകള്‍ തിരിച്ചു വരണമെന്നും ശോഭ പറഞ്ഞു.

 

ആളുകള്‍ക്ക് നില്‍ക്കാൻ പറ്റാത്ത ഗ്രൂപ്പിസം ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കേണ്ടത് അല്ലേയെന്നും അവര്‍ ആരാഞ്ഞു. ഡല്‍ഹിക്കു ആര്‍ക്കു വേണമെങ്കിലും പോകാമല്ലോ. ചെയ്യാൻ പറ്റുന്ന പണികള്‍ പറയുന്നതില്‍ എന്താണ് തെറ്റ്?. ഡല്‍ഹിയില്‍ ഉള്ള നേതാക്കളുടെ ലക്ഷ്യം എല്ലായിടത്തും ബി.ജെ.പിയെ വളര്‍ത്തണം എന്നാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആയുധം നല്‍കുന്ന പണി ശോഭാ സുരേന്ദ്രൻ ചെയ്യില്ല. കൊടകര കള്ളപ്പണക്കേസിലെ ആരോപണ വിധേയൻ ധര്‍മരാജന് ബി.ജെ.പിയുമായി എന്താണ് ബന്ധമെന്നും ശോഭ ആരാഞ്ഞു. അങ്ങനെ ബി.ജെ.പി. പണം വാങ്ങുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല. സംഘടനാ സംവിധാനം ശക്തിപ്പെടണം, അതിനു കഴിവുള്ള ആള്‍ കേരളത്തില്‍ പ്രഭാരി ആയി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *