April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം

ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം

By editor on August 15, 2023
0 127 Views
Share

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഔദ്യോഗിക തുടക്കം. ചൊവ്വാഴ്ച രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തെക്കുറിച്ച്‌ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു.

രാജ്യം മണിപ്പൂരിന്റെ കൂടെ നില്‍ക്കുന്നെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെണ്‍മക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങള്‍ കെട്ടിപ്പടുക്കണം. മണിപ്പൂരില്‍ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മറ്റ് രാജ്യങ്ങള്‍ക്ക് പ്രായമാകുകയാണെന്നും എന്നാല്‍ ഇന്ത്യ യുവത്വത്തിന്റെ കൊടുമുടിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 വയസ്സിന് താഴെയുള്ള ഏറ്റവും കൂടുതല്‍ ആളുകളുള്ളത് ഇന്ത്യയിലാണ്. ജി20 ഉച്ചകോടിക്കായി ബാലിയില്‍ പോയപ്പോള്‍ എല്ലാ വികസിത രാജ്യങ്ങളും ഇന്ത്യയുടെ ഡിജിറ്റല്‍, സാങ്കേതിക വികസനത്തെക്കുറിച്ച്‌ അറിയാൻ തല്‍പരരാണ്. ഇന്ത്യയുടെ വികസനം ഡല്‍ഹിയിലും മുംബൈയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അത് എല്ലാ വലുതും ചെറുതുമായ നഗരങ്ങളിലും എത്തിയിട്ടുണ്ടെന്നും അവരോട് പറഞ്ഞെന്നും പ്രധാമന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ സദസ്സാണ് ഈ വര്‍ഷം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കാൻ ചെങ്കോട്ടയില്‍ എത്തിയത്. 2021 മാര്‍ച്ചില്‍ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ സമാപനം ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലാണ്. വിവിധ മേഖലകളില്‍നിന്നുള്ള 1,800 പേരെയാണ് പ്രത്യേക അതിഥികളായി ചടങ്ങിലേക്കു ക്ഷണിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ മണിപ്പൂരിലെ കുക്കി, മെയ്തേയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ഡല്‍ഹിയില്‍ വലിയ സുരക്ഷയാണ് ഒരുക്കിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *