April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേരളത്തിലേത് ശക്തമായ പൊതുവിതരണ സംവിധാനമെന്ന് മുഖ്യമന്ത്രി

കേരളത്തിലേത് ശക്തമായ പൊതുവിതരണ സംവിധാനമെന്ന് മുഖ്യമന്ത്രി

By editor on August 20, 2023
0 133 Views
Share

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണിയില്‍ ഫലപ്രദമായി ഇടപെടുന്ന കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തമായ നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നു എന്ന രീതിയിലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വസ്തുതകളെ വസ്തുതകളായി അവതരിപ്പിക്കാന്‍ ബാധ്യതയുള്ള ചില മാധ്യമങ്ങളാണ് തെറ്റായ പ്രചാരണം നടത്തുന്നത്. ഈ ഓണക്കാലം സമൃദ്ധമാക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണമേളകള്‍ ആരംഭിച്ചു. 200 കോടി രൂപയുടെ വിപണി ഇടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണക്കാലത്ത് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം 1500 ഓണവിപണികളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്.

 

സര്‍ക്കാര്‍ സബ്‌സിഡിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം വരെ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിക്കുകയും അത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യുന്നു. ഓണച്ചന്തയുടെ സ്ഥിതി നോക്കിയാല്‍ പൊതുപണിയില്‍ നിന്ന് 1000 രൂപക്ക് വാങ്ങുന്ന 13 ഇനങ്ങള്‍ 462 രൂപക്ക് ലഭിക്കുന്നു.

 

കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നു. സഹകരണ മേഖലയുടെ സമഗ്ര ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിന്റെ വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് എന്ന് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. 13 ഇനം സാധനങ്ങള്‍ 2016ലെ അതേ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ വില്‍ക്കുന്നത്.

 

40 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്ത് 1600ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്. 270 കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ ശരാശരി വിറ്റു വരവ്. ഇവിടുത്തെ പൊതുവിതരണ സംവിധാനത്തെ കുറിച്ച്‌ പഠിക്കാന്‍ നാടിനെ പുറത്തുള്ള ഭരണകര്‍ത്താക്കള്‍ വരെ ശ്രമിക്കുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ച്‌ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ആദ്യ വില്പനയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുഞ്ഞമ്മ കുട്ടപ്പന്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ ഉപഹാരം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ജെ. ജിജു മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ടി.ജെ വിനോദ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *