April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പുതുപ്പള്ളി: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

പുതുപ്പള്ളി: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

By editor on September 3, 2023
0 121 Views
Share

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിെന്‍റ പരസ്യപ്രചാരണത്തിന് ഞായറാഴ്ച കൊട്ടിക്കലാശം. രാഷ്ട്രീയ വിവാദങ്ങളും വികസനവും ചര്‍ച്ചയായ മണ്ഡലത്തില്‍ ദേശീയ നേതാക്കളെ ഉള്‍പ്പെടെ രംഗത്തിറക്കി വിജയം ഉറപ്പിക്കാനുള്ള അവസാന തത്രപ്പാടിലാണ് മുന്നണികള്‍

ശനിയാഴ്ച റോഡ്ഷോ നടത്താൻ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നെങ്കിലും മഴ വെല്ലുവിളിയായി. പാമ്ബാടിയിലാണ് കൊട്ടിക്കലാശം.

 

53 വര്‍ഷമായി പുതുപ്പള്ളിയുടെ എം.എല്‍.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞമാസം പത്തിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഈ മാസം അഞ്ചിന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

 

യു.ഡി.എഫിന്‍റെ ചാണ്ടി ഉമ്മൻ, എല്‍.ഡി.എഫിന്‍റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാല്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഇവര്‍ക്ക് പുറമെ ആം ആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്മാരായ സന്തോഷ് ജോസഫ്, ഷാജി, പി.കെ. ദേവദാസ് എന്നിവരും മത്സരരംഗത്തുണ്ട്. ത്രികോണ മത്സരം എന്ന നിലയിലുള്ള പ്രചാരണമാണ് മണ്ഡലത്തില്‍.

 

എല്ലാ മുന്നണിയുടെയും പ്രധാന നേതാക്കള്‍ പ്രചാരണ രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുതവണ മണ്ഡലത്തിലെത്തി. എട്ട് പഞ്ചായത്തില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. മന്ത്രിമാരുടെ വൻപടയും ജനകീയ സംവാദ സദസ്സുകളുമായി സജീവമായി. യു.ഡി.എഫിനായി എ.കെ. ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും ബി.ജെ.പിക്കായി കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി തുടങ്ങിയവരും മണ്ഡലത്തിലെത്തി. തിങ്കളാഴ്ച വീടുകള്‍ കയറി വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലായിരിക്കും മുന്നണികള്‍.

 

ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ അങ്കത്തിന് ഇറങ്ങിയതിനാല്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഉമ്മൻ ചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ച്‌ അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം കുറക്കാനായ ജെയ്ക് സി. തോമസിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. അല്‍പം വൈകിയാണെങ്കിലും പരമാവധി വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *