April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വാർത്തകൾ വിരൽത്തുമ്പിൽ* *പ്രഭാത വാർത്തകൾ* 2023 | സെപ്റ്റംബർ 28 | വ്യാഴം | 1199 | കന്നി 12 | , പൂരുരുട്ടാതി 

വാർത്തകൾ വിരൽത്തുമ്പിൽ* *പ്രഭാത വാർത്തകൾ* 2023 | സെപ്റ്റംബർ 28 | വ്യാഴം | 1199 | കന്നി 12 | , പൂരുരുട്ടാതി 

By editor on September 28, 2023
0 77 Views
Share

*വാർത്തകൾ വിരൽത്തുമ്പിൽ*

 

*പ്രഭാത വാർത്തകൾ*

2023 | സെപ്റ്റംബർ 28 | വ്യാഴം | 1199 | കന്നി 12 | , പൂരുരുട്ടാതി

 

◾നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പിടാതെ പിടിച്ചുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ സേവനം തേടി. ഗവര്‍ണര്‍ ഒപ്പിടാതെ എട്ടു ബില്ലുകളാണു മാറ്റിവച്ചിരിക്കുന്നത്. മൂന്നു ബില്ലുകള്‍ രണ്ടു വര്‍ഷത്തോളമാകാറായി. ഇതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം കോടതി മാറ്റിത്തരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ശമ്പളം കൊടുക്കാന്‍ പോലൂം പണമില്ലാത്തപ്പോഴാണ് നിയമോപദേശത്തിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

◾ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ആരെയും പ്രതിചേര്‍ത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസിനോടു തെളിവുകളുമായി ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി പുറത്തറിഞ്ഞതിനു പിറകേയാണ് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും നല്‍കിയെന്നാണ് ഹരിദാസന്റെ ആരോപണം.

 

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.സി. മൊയ്തീനെയും എം.കെ കണ്ണനെയും ലക്ഷ്യംവച്ചാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. അരവിന്ദാക്ഷനേയും ജില്‍സിനേയും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

 

◾സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ബോയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റിവച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിര്‍പ്പുമൂലമാണ് തീരുമാനം മാറ്റിയത്. പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാര്‍ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് എല്ലാ വകുപ്പുകളിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.

 

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് ബിനാമികളുടെ ആവശ്യമില്ല. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല. അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതെല്ലാം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

◾വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍് സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി സെക്രട്ടറി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായിരുന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്.

 

◾കൈക്കൂലി വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹരിദാസന്റെ പരാതി സെപ്റ്റംബര്‍ 13 ന് ലഭിച്ചതാണ്. പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടി. ആരോപണവുമായി അഖില്‍ മാത്യുവിന് ഒരു ബന്ധവുമില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി പൊലീസിനു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു. പോലീസ് സത്യം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വീണ ജോര്‍ജ്.

 

◾ഡോക്ടര്‍ നിയമനത്തിന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗംതന്നെയാണു കൈക്കൂലി വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തതിനു പിറകേയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പരാതി വിവരം പുറത്തുവിട്ടത്. പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ഹരിദാസന്‍ അവകാശപ്പെട്ടു.

 

◾ഡോക്ടര്‍ നിയമനത്തിനു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിനെ കുറ്റപ്പെടുത്തി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിബി ഹര്‍ഷകുമാര്‍. സിഐടിയു ലെവി ഫണ്ടില്‍നിന്ന് അഖില്‍ സജീവ് മൂന്നു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയെന്ന ക്രിമിനല്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഖില്‍ മാത്യു അത്തരക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

 

◾കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ്. അദ്ദേഹം പറഞ്ഞു.

 

◾മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്കില്ലെന്ന് ജഡ്ജി. കരുവന്നൂര്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയില്‍ ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ജഡ്ജി തടഞ്ഞിരുന്നു.

 

◾സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമാണെന്നും തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസും കൊണ്ട് വൈകൃതങ്ങള്‍ മറയ്ക്കാനാവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.

 

◾വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന്. രാവിലെ 10 ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം – വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നിര്‍വഹിക്കും.

 

◾കോഴിക്കോട് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 8.25 ലക്ഷം രൂപ പിഴ ഈടാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന.

 

◾പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയറിലെ കുടല്‍മാല നീക്കം ചെയ്തുകൊണ്ടാണെന്നു പോലീസ്. വൈദ്യുതാഘാതമേറ്റാണു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് പാടത്തു പന്നിക്കുവച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി മരിച്ചത്. സ്ഥലമുടമ അനന്തനെ അറസ്റ്റു ചെയ്തിട്ടുണ്ട്.

 

◾മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ അന്തരിച്ചു. 77 വയസായിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലും പ്രശസ്തയായിരുന്നു.

 

◾കോട്ടയം കുടയംപടിയില്‍ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ വ്യാപാരി ബിനുവിനെ കര്‍ണാടക ബാങ്ക് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പോലീസിനു കൈമാറി. പണം അടയ്ക്കാമെന്നു ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരന്‍ മോശമായി സംസാരിച്ചു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ബാങ്ക് ജീവനക്കാരന്റെ മറുപടി.

 

◾കലാപ സംസ്ഥാനമായ മണിപ്പൂരില്‍നിന്ന് കേരളത്തില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കു മനുഷ്യപക്ഷ സഹായം നല്‍കിയതു കേരള സര്‍ക്കാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ വിദ്യാര്‍ത്ഥിനികളായ അലിയാന, ലില്ലി എന്നിവരെകുറിച്ചാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. കേരളത്തിന്റെ സ്നേഹത്തിനു മുന്നില്‍ വാക്കുകളില്ലെന്ന് ഇരുവരും പറഞ്ഞത് കേരളത്തിനുള്ള അംഗീകാരമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

◾കാസര്‍കോട് തൃക്കരിപ്പൂര്‍ പരത്തിച്ചാലില്‍ വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.

 

◾ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വിചാരണ പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ വാദം ശനിയാഴ്ച തുടങ്ങും. അയല്‍വാസി അര്‍ജുനനാണു പ്രതി. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതിയിലാണു വിചാരണ.

 

◾മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.

 

◾കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിലെ കര്‍ഷകരാണ് വിചിത്രമായ സമരം നടത്തിയത്. സമരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

◾കോടതി ജാമ്യം അനുവദിച്ചിട്ടും മൂന്നു വര്‍ഷംകൂടി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അയച്ച ഉത്തരവ് ജയില്‍ അധികാരികള്‍ ഇമെയില്‍ തുറന്നു നടപടിയെടുക്കാത്തതിനാലാണ് മൂന്നു വര്‍ഷംകൂടി ജയിലില്‍ കിടക്കേണ്ടി വന്നത്. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 27 കാരനായ ചന്ദന്‍ജി താക്കൂറിന്റെ ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്താണ് 2020 സെപ്റ്റംബര്‍ 29 ന് ജാമ്യം അനുവദിച്ചത്. 14 ദിവസത്തിനകം പണം കൈമാറണമെന്നാണ് കോടതി ഉത്തരവ്.

 

◾മണിപ്പുരിനെ പ്രശ്നബാധിത സംസ്ഥാനമായി മണിപ്പുര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് – കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.

 

◾വെറുപ്പും വിദ്വേഷവും വളര്‍ത്തി ബിജെപി മണിപ്പൂരിനെ കലാപഭൂമിയാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം. നൂറ്റമ്പതോളം ദിവസമായിട്ടും പ്രധാനമന്ത്രി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

◾ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങി. ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് വ്യക്തമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ അറിയിച്ചു.

 

◾വളര്‍ത്തു നായക്കു നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദുഗ നിര്‍ബന്ധിതമായി വിരമിക്കണമെന്നു സര്‍ക്കാര്‍. അരുണാചല്‍ പ്രദേശില്‍ തദ്ദേശ സ്ഥാപന വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന റിങ്കു ദുഗയോടു രണ്ടു മാസത്തിനകം രാജിവയ്ക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.

 

◾ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഇസ്‌കോണ്‍ പശുക്കളെ സംരക്ഷിക്കുകയല്ല, ഗോശാലകളിലെ പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുകയാണു ചെയ്യുന്നതെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണിന്റെ ഗോശാലകള്‍ക്കെതിരേ അന്വേഷണം വേണമെന്നും മനേക ആവശ്യപ്പെട്ടു.

 

◾ആത്മഹത്യക്കു ശ്രമിച്ച 28 കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത രാജസ്ഥാന്‍ സ്വദേശിയെക്കുറിച്ച് ഇന്‍ര്‍പോളാണ് മുന്നറിയിപ്പു നല്‍കിയത്. മുബൈ പോലീസ് മുബൈയിലെ മല്‍വാനിയില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി മുബൈ ജയിലിലുള്ള അമ്മയെ പുറത്തിറക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു യുവാവ്.

 

◾കനേഡിയന്‍ പൗരനും ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘമായ ഐഎസ്ഐ ആണെന്ന് ഇന്ത്യ. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ വക്താക്കള്‍ പറഞ്ഞു. കാനഡയിലെ ഐഎസ്ഐയുടെ ദല്ലാളുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു റിപ്പോര്‍ട്ട്.

 

◾ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവ് ഹര്‍ദീപ് സിഗ് നിജ്ജാര്‍ കനേഡിയന്‍ ഇന്റലിജന്‍സുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് നിജ്ജാറിന്റെ മകന്‍ ബല്‍രാജ് സിംഗ്. കൊല്ലപ്പെടുന്നതിന് ആറു ദിവസംമുമ്പും ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

◾മുഖംമൂടി ധരിച്ചെത്തിയ നൂറോളം കൗമാരക്കാര്‍ ആപ്പിള്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള കടകള്‍ കൊള്ളയടിച്ചു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. ഇരുപതോളം പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് രണ്ടു തോക്ക് കണ്ടെടുത്തു. കൊള്ളയടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

 

◾ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 286 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുകള്‍ നേടി കളിയിലെ താരമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് പരമ്പര തൂത്തുവാരാം എന്ന ഇന്ത്യയുടെ മോഹം തടഞ്ഞത്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെ താരം.

 

◾സെപ്റ്റംബര്‍ പാദത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയെന്ന അപ്രതീക്ഷിത നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനി. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍, അഫ്ഗാനി മൂല്യം 9 ശതമാനം ഉയര്‍ന്നു, പ്രാഥമികമായി മാനുഷിക സഹായത്തിന്റെ ഗണ്യമായ ഒഴുക്കും, അയല്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങളിലെ ഉത്തേജനവുമാണ് ഇതിന് കാരണം. തങ്ങളുടെ കറന്‍സിയുടെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി, താലിബാന്‍ പ്രാദേശിക ഇടപാടുകളില്‍ യുഎസ് ഡോളറിന്റെയും പാകിസ്ഥാന്‍ രൂപയുടെയും ഉപയോഗം നിരോധിക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് നിന്ന് യുഎസ് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതിന് അവര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് എടുത്തുകാണിക്കുന്നതുപോലെ, ഓണ്‍ലൈന്‍ കറന്‍സി വ്യാപാരം ക്രിമിനല്‍ കുറ്റമാക്കുന്ന നടപടികളിലേക്ക് വരെ ഭരണകൂടം കടന്നിരുന്നു. ഇത്രയൊക്കെ ആണെങ്കിലും ആഗോളതലത്തില്‍ ദാരിദ്ര്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന രാഷ്ട്രമായി തന്നെയാണ് അഫ്ഗാന്‍ ഇപ്പോഴുമുള്ളത്. അഫ്ഗാനി കഴിഞ്ഞ വര്‍ഷം മൂല്യത്തില്‍ 14 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, നിലവില്‍ ആഗോള കറന്‍സി പ്രകടന പട്ടികയില്‍ കൊളംബിയയുടെയും ശ്രീലങ്കയുടെയും കറന്‍സികള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

 

◾പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ വരുന്ന ആദ്യ ചിത്രമായ ‘ടൈഗര്‍ 3’ ടീസര്‍ എത്തി. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന. കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന്‍ ആയി ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്നര്‍ കൂടിയാണ് ടൈഗര്‍ 3. പ്രീതം സംഗീതം. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

Leave a comment

Your email address will not be published. Required fields are marked *