April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഫീസ്‌ കുടിശ്ശികയുടെ പേരിൽ ടിസി തടയരുത്‌ : ഹൈക്കോടതി*

ഫീസ്‌ കുടിശ്ശികയുടെ പേരിൽ ടിസി തടയരുത്‌ : ഹൈക്കോടതി*

By editor on October 14, 2023
0 676 Views
Share

*ഫീസ്‌ കുടിശ്ശികയുടെ പേരിൽ ടിസി തടയരുത്‌ : ഹൈക്കോടതി*

 

*Published ;14-10-2023ശനി*

ട്യൂഷൻ ഫീസ്‌ കുടിശ്ശികയുണ്ടെന്ന കാരണത്താൽ വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ്‌ തടഞ്ഞുവയ്‌ക്കരുതെന്ന്‌ ഹൈക്കോടതി. ഫീസ്‌ കുടിശ്ശിക ഈടാക്കാൻ നിയമപരമായ നടപടികള്‍ സ്വീകരിക്കാമെങ്കിലും കുട്ടിക്ക്‌ ദോഷകരമായ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഫീസ്‌ കുടിശ്ശികയുണ്ടെന്നാരോപിച്ച്‌ വിദ്യാർഥിയുടെ വിടുതൽ സർട്ടിഫിക്കറ്റ്‌ തടഞ്ഞുവച്ച കാഞ്ഞങ്ങാട്‌ സദ്‌ഗുരു പബ്ലിക്‌ സ്‌കൂളിന്റെ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജിയുടെ ഉത്തരവ്‌.

 

സ്‌കൂളിൽ പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങളോട്‌ യോജിക്കാനാകാത്തതിനാൽ ടിസി നൽകണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥിയുടെ അമ്മ സ്‌കൂൾ അധികൃതരെ സമീപിച്ചു. എന്നാൽ, 2023–24 അധ്യയനവർഷത്തെ ഫീസിനത്തിൽ 39,055 രൂപ കുടിശ്ശികയുള്ളതിനാൽ ടിസി നൽകാനാകില്ലെന്ന്‌ സ്‌കൂൾ അധികൃതർ അറിയിച്ചു. ഈ ആവശ്യവുമായി സിബിഎസ്‌ഇയെയും പിടിഎയെയും സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. 2022–2023 അക്കാദമിക വർഷത്തെ ഫീസ്‌ മുഴുവനായും അടച്ചിട്ടുണ്ടെന്നും കുടിശ്ശികയില്ലെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. രേഖകളും ഹാജരാക്കി.

 

വിദ്യാർഥികള്‍ നല്‍കുന്ന ഫീസ്‌ ഉപയോഗിച്ചാണ്‌ സ്‌കൂൾ നടത്തുന്നതെന്നും കുടിശ്ശിക അടയ്‌ക്കാതെ ടിസി ആവശ്യപ്പെടാൻ വിദ്യാർഥിക്ക്‌ കഴിയില്ലെന്നുമായിരുന്നു സ്‌കൂൾ അധികൃതരുടെ വാദം. കുടിശ്ശിക അടയ്‌ക്കാൻ ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ വിദ്യാർഥിയുടെ അമ്മയ്‌ക്ക്‌ വക്കീൽ നോട്ടീസും നൽകി. അൺ എയ്‌ഡഡ് സ്‌കൂളുകൾക്ക്‌ കുട്ടികളിൽനിന്ന് ഫീസ് ഈടാക്കാൻ അവകാശമുണ്ടെങ്കിലും കുടിശ്ശികയുടെ പേരിൽ ടിസി തടഞ്ഞുവയ്‌ക്കരുതെന്ന് കോടതി നിർദേശിച്ചു.

Leave a comment

Your email address will not be published. Required fields are marked *