April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പോരാട്ട വീര്യത്തിന്‍റെ രണ്ടക്ഷരം; വി എസ് എന്ന നൂറ്റാണ്ട്

പോരാട്ട വീര്യത്തിന്‍റെ രണ്ടക്ഷരം; വി എസ് എന്ന നൂറ്റാണ്ട്

By editor on October 20, 2023
0 113 Views
Share

പോരാട്ടങ്ങളുടെ രണ്ടക്ഷരമുള്ള പര്യായമാണ് വി എസ്. വിപ്ലവ തീക്ഷണമായ ആ പേരിന്ന് നൂറാണ്ട് പിന്നിടുകയാണ്. വാക്കുകളില്‍ ഒതുങ്ങുന്നതല്ല സഖാവ് വി എസിന്‍റെ ജീവിതം.

പുന്നപ്രയില്‍ പോരാളികളുടെ രക്തം ഊര്‍ന്നിറങ്ങിയ മണ്ണിലേക്ക് ആഴത്തില്‍ വേരിറങ്ങിയൊരു വന്മരം. ആ വന്മരത്തിന്റെ ചില്ലകളിലൊക്കെയും പൂത്തത് സമരത്തിന്റെ, പോരാട്ടത്തിന്റെ ചുവന്ന പൂക്കളായിരുന്നു. ആ മരം ശ്വസിച്ചതും നിശ്വസിച്ചതും വീര്യമൊട്ടും ചോരാത്ത കമ്മ്യുണിസമായിരുന്നു.

കാലത്തിന്റെ ശൗര്യവും ശരിയുമായിരുന്നു ഏത് ഋതുവിലും ആ മരത്തില്‍ തളിരിട്ടിരുന്നത്. നൂറാണ്ടുകളുടെ രാഷ്ട്രീയ ഋതുഭേദങ്ങളില്‍ ആടാതെ ഉലയാതെ തണലായും ഊന്നായും ഒരു ജനതയ്‌ക്കൊപ്പം നടന്ന ആ വന്മരത്തെ അടയാളപ്പെടുത്താന്‍ കാലത്തിന് രണ്ടക്ഷരങ്ങള്‍ ധാരാളമാണ്. പോരാട്ടം കൂടെപ്പിറപ്പായിരുന്നു വി എസിന്.

 

ജീവിതമാണ് വി എസിനെ പോരാളിയും വിപ്ലവകാരിയുമാക്കിയത്. അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങുന്നത് നോക്കി നിന്ന് കണ്ണീര്‍ വാര്‍ക്കേണ്ടി വന്ന കുട്ടിക്കാലം. പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പ്രാഥമിക വിദ്യാഭ്യാസം. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യല്‍ക്കടയിലെ ജോലി, പിന്നീട് കയര്‍ തൊഴിലാളി. ചരിത്രത്തില്‍ സഖാവിന്‍റെ ചിത്രം വരയ്ക്കുമ്ബോള്‍ എവിടെയുമില്ല സുഖലോലുപതയുടെ നിറമുള്ളൊരു വര പോലും. പക്ഷെ കാലത്തിന്‍റെ പോരാളിയാകാന്‍ നിയോഗവുമായി പിറന്ന വി എസിന് അതെല്ലാം ഊര്‍ജ്ജമാവുകയായിരുന്നു

 

തൊണ്ടുതല്ലി നടു വളഞ്ഞുപോയ കയര്‍ തൊഴിലാളികള്‍ക്ക് നട്ടെല്ല് നിവര്‍ത്തിനില്‍ക്കാന്‍ കമ്മ്യൂണിസമെന്ന മഹാ ആശയം പറഞ്ഞു വി എസ്.. തങ്ങളിലൊരാള്‍ അതി ഭാവുകത്വങ്ങളില്ലാതെ പറഞ്ഞ ജീവിതത്തിന്‍റെ ഗന്ധമുള്ള വാക്കുകളൊക്കെയും അവരുടെ ചോരയില്‍ ചൂടേറ്റി.

 

മര്‍ദ്ദന മുറകള്‍ക്ക് തകര്‍ക്കാന്‍ പോയിട്ട് തൊടാനായില്ല ആ പോരാളിയെ. ജയിലറയുടെ കമ്ബികള്‍ക്കിടയിലൂടെ കാല്‍പാദം തുളച്ച തോക്കുകള്‍ ആ പോരാളിക്ക് മുന്നില്‍ തോറ്റുമുനയൊടിഞ്ഞു. കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍ തലകുനിക്കാത്ത യുവത്വം മാത്രമല്ല വി എസ്… തലനരച്ചുപോകാത്ത വിപ്ലവസൂര്യന്‍ കൂടിയാണത്. പോരാട്ടത്തിന്‍റെ വഴിയില്‍ പോരാളികള്‍ക്കൊക്കെയും കണ്ണും കരളുമായ പ്രിയ വി എസിന് ജന്മദിനാശംസകള്‍.

 

.

Leave a comment

Your email address will not be published. Required fields are marked *