April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്;തലസ്ഥാനത്ത് ജനങ്ങള്‍ക്ക് ദുരിത ജീവിതം

കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്;തലസ്ഥാനത്ത് ജനങ്ങള്‍ക്ക് ദുരിത ജീവിതം

By editor on November 24, 2023
0 77 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ ആശങ്കയോടെ തിരുവനന്തപുരത്തെ ജനങ്ങള്‍.

 

കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ തലസ്ഥാന നഗരത്തിലെ ആയിരത്തോളം വീടുകള്‍ വെള്ളത്തിലായി. ആശുപത്രികളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം തടയാൻ സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ച കര്‍മ്മപദ്ധതി വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും നഗരം മുങ്ങിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നവകേരള സദസിന്റെ വേദികളിലായതിനാല്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടായിട്ടില്ല.

വരും ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇന്നും കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് ഗൗരീശപട്ടം, കുഴിവയല്‍, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ഇന്നലെ മുതല്‍ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.

ശ്രീകാര്യം അണിയൂര്‍, ചെമ്ബഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ലാറ്റിന്റെ മതില്‍ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡില്‍ വള്ളം കയറി. ഫയര്‍ഫോഴ്സിൻറെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയില്‍ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ വെള്ളപ്പൊക്കം തടയാൻ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു. ആമയിഴഞ്ചാൻ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയില്‍ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു.

Leave a comment

Your email address will not be published. Required fields are marked *