April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണർ*

സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണർ*

By editor on February 3, 2024
0 183 Views
Share

*സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണർ*

 

*”ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കില്ല”*

 

സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

“ആദ്യപടിയായി എല്ലാ കലക്ടറേറ്റുകളിലും പിന്നെ തിരഞ്ഞെടുത്ത ഓഫീസുകളിലും കമ്മീഷൻ പരിശോധന നടത്തും. ഏത് സമയത്തും കമ്മീഷണർമാരോ കമ്മീഷൻ നിയോഗിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരോ സർക്കാർ ഓഫീസുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തും. വിവരാവകാശ നിയമം സെക്ഷൻ നാല് പ്രകാരം വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം എന്നുള്ളത് പല ഓഫീസുകളും പാലിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശമനുസരിച്ചു കമ്മീഷൻ മിന്നൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്,” കമ്മീഷണർ വ്യക്തമാക്കി.

 

“സർക്കാർ ഓഫീസുകളിലെ ഫയലുകൾ നമ്പർ ഇട്ട്, വിഭാഗം തിരിച്ച്, പ്രത്യേകം അടുക്കി വെക്കണം. ഫയൽ ഡിസ്പോസൽ കാലാവധി രേഖപ്പെടുത്തൽ,🙄 ഡിസ്പോസ് ചെയ്ത ഫയലുകളുടെ ലിസ്റ്റ് സൂക്ഷിക്കൽ, കാലാവധി കഴിഞ്ഞ് നശിപ്പിച്ച ഫയൽ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ഓഫീസുകളിലും വേണം. ഒരു കാരണവശാലും ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കുന്നതല്ല,”കമ്മീഷണർ ചൂണ്ടിക്കാട്ടി.

 

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും സർക്കാർ ഓഫീസുകളിൽ വേണ്ട വിധം അപേക്ഷകൾ പരിഗണിക്കാതിരിക്കുകയും ഹർജിക്കാർക്ക് കൃത്യസമയത്ത് വിവരം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതിനാൽ കമ്മീഷന് മുന്നിൽ എത്തുന്ന അപ്പീലുകളുടെ എണ്ണം വർധിക്കുന്നു. 30 ദിവസത്തിനകം വിവരം ലഭ്യമാക്കിയാൽ മതി എന്ന ധാരണ പല ഓഫീസർമാർക്കുമുണ്ട്. ഇത് ശരിയല്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ മറുപടി കഴിയുന്നത്ര വേഗത്തിൽ നൽകണം എന്നാണ്. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പ്രാരംഭ നടപടി പൂർത്തിയാക്കണം എന്നാണ് നിയമം. എന്നാൽ ചില ഉദ്യോഗസ്ഥർ ഇരുപത്തി ഒൻപതാം ദിവസം ഫയൽ എടുത്ത് കൃത്യമല്ലാത്ത മറുപടി കൊടുക്കുകയാണ്. ഇത് നിയമം അനുവദിക്കുന്നില്ല. വിവരാവകാശ നിയമ

പ്രകാരം ഏത് ഓഫീസിലും ഉള്ള വിവരങ്ങൾ ഓഫീസർമാർ സ്വമേധയാ ലഭ്യമാക്കണം, വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. പറഞ്ഞു.

 

പല സ്വകാര്യ ആശുപത്രികളും ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികളെ മറ്റ് അനധികൃത നിബന്ധനകളിലൂടെ ആശുപത്രിയിൽ തന്നെ തളച്ചിടാനുള്ള ശ്രമം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചു. ആരോഗ്യവകുപ്പിന്റെയും ഡി.എം.ഒയുടെയും റിപ്പോർട്ട് പ്രകാരം അത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഏതെങ്കിലും ആശുപത്രികളുടെ ഭാഗത്ത് നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ ആ ജില്ലയിലെ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകണം.

 

നിയമവിരുദ്ധമായി റവന്യു വകുപ്പിൽ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിന് അധികം തുക ഫീസായി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കമ്മീഷന് ലഭിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തി നടത്തിയ ഉദ്യോഗസ്ഥനെ നിയമ പ്രകാരം ഫൈൻ നൽകി കമ്മീഷൻ ശിക്ഷിച്ചു.

 

വിവരാവകാശ നിയമപ്രകാരം പ്രായോഗികമായി ലഭിക്കാത്ത വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഓഫീസുകളിൽ അനാവശ്യമായി അപേക്ഷകൾ ലഭിക്കുന്നതായി കമ്മീഷൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അപേക്ഷകൾ ഒഴിവാക്കണമെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *