April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു ; മന്ത്രി വീണാ ജോര്‍ജ്

ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു ; മന്ത്രി വീണാ ജോര്‍ജ്

By editor on March 15, 2024
0 76 Views
Share

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ്മയുടെ നിർമ്മാണവും വില്‍പ്പനയും നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഷവർമ്മ നിർമ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഷവർമ്മ നിർമ്മിക്കുന്നവർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാർഗ നിർദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിള്‍ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയില്‍ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവർമ്മ സ്റ്റാന്റില്‍ കോണില്‍ നിന്നുള്ള ഡ്രിപ് കളക്‌ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം.

 

ഷവർമ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (-18°C), ചില്ലറുകള്‍ (4°C) വൃത്തിയുളളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം. ഷവർമ്മ നിർമ്മാണത്തില്‍ ഏർപ്പെടുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. 4 മണിക്കൂർ തുടർച്ചയായ ഉത്പാദന ശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാൻ പാടുള്ളതല്ല. ഷവർമ്മ പാർസല്‍ നല്‍കുമ്ബോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

 

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a comment

Your email address will not be published. Required fields are marked *