April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നു; ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ*

*ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നു; ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ*

By editor on May 19, 2024
0 215 Views
Share

*ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നു; ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ*

വിവരാവകാശ നിയമത്തിന്മേൽ കോഴിക്കോട് ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നതായും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം.

ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ വിവരാവകാശ അപേക്ഷയിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകി ഫയൽ ക്ലോസ് ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. പരാതി ഉണ്ടായാൽ ഒന്നാം അപ്പീൽ അധികാരി കൃത്യമായ വിവരം ലഭ്യമാക്കണം. ജനങ്ങളെ ചുറ്റിക്കുന്ന മറുപടി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. കമ്മിഷന് മുന്നിൽ രണ്ടാം അപ്പീലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള കമ്മിഷൻ നടപടിയും കൂടും.

ഒരു മാസത്തിനുള്ളിൽ നൽകേണ്ട വിവരം നൽകാൻ ഒന്നേകാൽ വർഷം എടുത്ത കോഴിക്കോട് കോർപ്പറേഷന് കമ്മിഷൻ പിഴയിട്ടു.

ന്യൂനപക്ഷ പദവിയുള്ള വില്യാപ്പള്ളിയിലെ എയ്ഡഡ് സ്കൂളിൽ സീനിയോറിറ്റി മറികടന്ന് പ്രാധാനധ്യാപകനെ നിയമിച്ചതിൽ നടപടിക്രമം പാലിച്ചില്ലെന്ന പരാതിയിൽ വിദ്യാഭ്യാസ ഡിഡി ഓഫീസ് മെല്ലപ്പോക്ക് നടത്തുന്നതായ പരാതിയിൽ കമ്മിഷൻ ഉത്തരവ് നടപ്പാക്കാത്ത ഡപ്യൂട്ടി ഡയറക്ടറെ കമ്മിഷണർ വിളിച്ചുവരുത്തി. പരാതിക്കാരനായ അധ്യാപകൻ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് മറ്റൊരു കേസ് ഫയൽ ചെയ്യാൻ കമ്മിഷൻ നിർദേശം നൽകി. ഈ വിഷയത്തിൽ ഹൈക്കോടതി നിർദേശമനുസരിച്ച് ഡി ഡി ഇ യെ സ്കൂൾ മാനേജരായി സർക്കാർ നിയമിച്ചുവെങ്കിലും ആ ചുമതല ഡി ഡി ഇ ഏറ്റെടുത്തിട്ടില്ലെന്ന് ഹരജിക്കാരൻ ആരോപിച്ചു.

ഏഴു കേസുകളിൽ വിവരം തൽക്ഷണം ലഭ്യമാക്കി. കമ്മിഷൻ നോട്ടീസ് കൈപ്പറ്റിയിട്ടും സിറ്റിങ്ങിൽ എത്താതിരുന്ന കോഴിക്കോട് സബ് കളക്ടർ, ചേലമ്പ്ര വില്ലേജ് ഓഫീസർ എന്നിവരെ കമ്മിഷൻ തിരുവനന്തപുരത്ത് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിറ്റിങ്ങിൽ പരിഗണിച്ച 20 കേസുകളിൽ 18 എണ്ണവും തീർപ്പാക്കി.

Leave a comment

Your email address will not be published. Required fields are marked *