April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഭരണഘടനയെന്താണെന്നു ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കണം മുഖ്യമന്ത്രി.

ഭരണഘടനയെന്താണെന്നു ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കണം മുഖ്യമന്ത്രി.

By editor on May 25, 2024
0 46 Views
Share

ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങള്‍ക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാന്‍ ഇതു ചെയ്‌തേ മതിയാകൂ. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കു പൊതുവായും പൊതുരംഗത്തുള്ളവര്‍ക്കു സവിശേഷമായും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമ മന്ത്രി പി. രാജീവ് രചിച്ച ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡിബേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടന വായിച്ചിരിക്കുകയെന്നതുപോലെ അതിലെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ പരിചയപ്പെട്ടിരിക്കുകയെന്നതും ഓരോ പൗരനും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ അല്ല, പകരം ഭാരതം മാത്രമാണുള്ളതെന്നും യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നതിനു പകരം യൂണിയന്‍ ഓവര്‍ സ്റ്റേറ്റ്‌സ് എന്നുമൊക്കെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടന രൂപപ്പെട്ടത് എങ്ങനെയെന്നും ഭരണഘടനാ രൂപീകരണ ചര്‍ച്ചകളില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും സൂക്ഷ്മവും സമഗ്രവുമായി മനസിലാക്കുന്നതു പ്രധാനമാണ്. അതിന് ഉതകുന്ന ഗവേഷണാത്മക രചനയാണ് ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡിബേറ്റ്‌സ് എന്ന പുസ്തകം.
നാം എന്തായിരുന്നുവെന്നും അതിലേക്കു തിരികെ പോകണമെന്നും വാദിക്കുന്നവരുണ്ട്. നമ്മുടെ രാജ്യത്ത് ഇന്ന് അത്തരം വാദഗതികള്‍ പ്രബലമാകുന്നുണ്ട്. അത്തരം വാദങ്ങള്‍ക്കു മേല്‍ക്കൈ ലഭിച്ച രാജ്യങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിലേക്ക് അധഃപ്പതിച്ചതായി ചരിത്രം വ്യക്തമാക്കുന്നു. പിന്നോട്ടുപോകുകയെന്നതല്ല, പകരം നാം എന്തായി തീരണമെന്നു ചിന്തിച്ച് അതു യാഥാര്‍ഥ്യമാക്കുന്നതിനായി മുന്നോട്ടുള്ള പ്രയാണമാണു വേണ്ടത്. ഇതായിരുന്നു ഭരണഘടനാ അംസംബ്ലിയുടെ പൊതുവായ സമീപനം.

ഇന്ത്യ എന്തായിത്തീരണമെന്നു വിഭാവനം ചെയ്തു നിര്‍ണയിച്ചത് ഭരണഘടനാ അസംബ്ലി ചര്‍ച്ചകളാണ്. ഭരണഘടനയില്ലെങ്കില്‍ ഇന്ത്യയെന്ന രാജ്യം തന്നെ ഇല്ലെന്നതാണു വസ്തുത. എന്നാല്‍ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും അവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ വിസ്മരിച്ച് അത്തരം അട്ടിമറികള്‍ക്ക് അന്യായമായി നിന്നുകൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കൊപ്പമുള്ള മുന്നോട്ടുപോക്ക് എന്തായിരിക്കണമെന്നു മനസിലാക്കുന്നതിനും ആ വഴിയിലേക്ക് ഇന്ത്യന്‍ പൗരനെ നയിക്കാന്‍ സഹായിക്കുന്നതുമാണ് ഈ കൃതി. പൊതുരംഗത്തു സജീവമായി ഇടപെടുന്ന ഒരാള്‍ ഉത്തരവാദിത്ത ബോധത്തോടെയെത്തിയതിന്റെ ഫലമായാണ് ഈ പുസ്തകം രൂപംകൊണ്ടത്. അതാണ് ഇതിനെ വേറിട്ടു നിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മുഖ്യമന്ത്രിയില്‍ നിന്നു പുസ്തകം ഏറ്റുവാങ്ങി. ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച മികച്ച ഗവേഷണാത്മക രചനയാണു പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. 17 അധ്യായങ്ങളിലൂടെ ഭരണഘടനാ അസംബ്ലിയിലെ സംവാദനങ്ങളെ വിശകലനം ചെയ്യുന്നതാണു പുസ്തകം. ഇന്ത്യ എന്ന പേര്, ആമുഖത്തിന്റെ പ്രസക്തി, മൗലികാവകാശങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം, ഗവര്‍ണര്‍ പദവി, കൊളീജിയം, കാശ്മീരിന്റെ പ്രത്യേക പദവി, ദേശീയ പതാക, ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം തുടങ്ങി ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഭരണഘടനാ അസംബ്ലി എങ്ങനെ ചിന്തിച്ചുവെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. പുസ്തക പ്രകാശന ചടങ്ങില്‍ കൊച്ചി ദേശീയ നിയമ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍കൂടിയായ മന്ത്രി പി. രാജീവ് മറുപടിപ്രസംഗംനടത്തി.

Leave a comment

Your email address will not be published. Required fields are marked *