April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • സൈബർ തട്ടിപ്പിന് കൂട്ട്. സിം കാർഡ് മാഫിയ.കേരളത്തിൽ അഞ്ചിടത്ത് അന്വേഷണം. കമ്പോഡിയയിലുള്ള തട്ടിപ്പ് സംഘത്തിനാണ് നമ്പറുകൾ നൽകിയതെന്നും കണ്ടെത്തി

സൈബർ തട്ടിപ്പിന് കൂട്ട്. സിം കാർഡ് മാഫിയ.കേരളത്തിൽ അഞ്ചിടത്ത് അന്വേഷണം. കമ്പോഡിയയിലുള്ള തട്ടിപ്പ് സംഘത്തിനാണ് നമ്പറുകൾ നൽകിയതെന്നും കണ്ടെത്തി

By editor on May 13, 2024
0 236 Views
Share

തിരുവനന്തപുരം സൈബർ തട്ടിപ്പുസംഘങ്ങൾക്കായി അനധികൃതമായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കേന്ദ്ര ഏജൻസികൾ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. വൻതോതിൽ സിം കാർഡ് വിൽക്കുന്ന 5 സ്‌ഥലങ്ങളുടെ വിവരങ്ങളും കൈമാറി. ഇവിടങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളിൽനിന്ന് ആവശ്യത്തിൽ കൂടുതൽ തവണ വിരലടയാളം പതിപ്പിച്ച് അവരറിയാതെ വിവിധ കമ്പനികളുടെ സിം കാർഡ് അനധികൃതമായി എടുക്കുന്നതാണു രീതി. തുടർന്ന് ഇവ സൈബർ തട്ടിപ്പുസംഘങ്ങൾക്കു വിൽക്കും.

വർക്കലയിൽ ഇത്തരത്തിൽ അനധികൃതമായി സംഘടിപ്പിച്ച 250 സിം കാർഡുകൾ വിദേശ തട്ടിപ്പുസംഘങ്ങൾക്കു നൽകിയ കടയുടമയെ അറസ്‌റ്റ് ചെയ്‌തപ്പോൾ തൃശൂരിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ തട്ടിപ്പുകൾ തെളിഞ്ഞു. 13 മലയാളികൾ ചേർന്ന് കംബോഡിയയിൽ നടത്തുന്ന തട്ടിപ്പുസംഘത്തിനാണ് ഈ മൊബൈൽ നമ്പറുകൾ നൽകിയതെന്നും കണ്ടെത്തി. സംഘത്തിലുൾപ്പെട്ട വർക്കല സ്വദേശിയെ കംബോഡിയയിൽനിന്ന് കഴിഞ്ഞ ദിവസമാണു തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇല്ലാത്ത പാഴ്സലിൻ്റെ പേരു പറഞ്ഞു സിബിഐയുടെയും കസ്‌റ്റംസിന്റെയും പേരിൽ വാട്‌സാപ് കോൾ വഴി തട്ടിപ്പ് നടത്തുന്നതായിരുന്നു കംബോഡിയ സംഘത്തിന്റെ രീതി.

മലപ്പുറത്തുനിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ കേരള പൊലീസ് കഴിഞ്ഞയാഴ്‌ച കർണാടകയിൽനിന്ന് അറസ്‌റ്റ് ചെയ്‌ത പ്രതി രാജ്യത്തെ സൈബർ തട്ടിപ്പുകളിലെ നിർണായക കണ്ണിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ സിം കാർഡ് വിൽപനക്കാരനാണു പ്രതി. ഇയാൾ അനധികൃതമായി സംഘടിപ്പിച്ച 4000 സിം കാർഡ് കണക്ഷനുകൾ വിദേശത്തെ ഓൺലൈൻ തട്ടിപ്പ് സംഘത്തിനു കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കും തട്ടിപ്പു കോളുകൾ വന്നിരുന്നത് ബെംഗളൂരുവിൽ ഒരേപ്രദേശം കേന്ദ്രീകരിച്ചുള്ള നമ്പറുകളിൽനിന്നായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണു തട്ടിപ്പിന്റെ രീതി കണ്ടെത്തി പ്രതിയെ പിടികൂടിയത്.

Leave a comment

Your email address will not be published. Required fields are marked *