April 23, 2025
  • April 23, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • സസ്പെൻഷനിലായ സി. ഐ. കാറിലിരുന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം

സസ്പെൻഷനിലായ സി. ഐ. കാറിലിരുന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം

By editor on February 25, 2023
0 109 Views
Share

ഒഴിവായത് വൻ ദുരന്തം

സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ഇടപെടൽമൂലം അത്യാഹിതം ഒഴിവായി. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് പാലിയേക്കര ടോൾ പ്ലാസയിലായിരുന്നു സംഭവം.
വയോധികനെ ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടുദിവസംമുമ്പ് സസ്പെൻഷനിലായ പാലക്കാട് മീനാക്ഷിപുരം പോലീസ് എസ്.എച്ച്.ഒ. പി.എം. ലിബി(47)യാണ്‌ തീ കൊളുത്താൻ ശ്രമിച്ചത്. കൊട്ടാരക്കര സ്വദേശിയാണ്. താൻ നിരപരാധിയാണെന്നും ജീവനൊടുക്കുമെന്നും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടശേഷം വീട്ടിൽനിന്ന് കാറിൽ പാലക്കാട്ടേക്ക് പോകുകയായിരുന്നു. ഈ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചു.

പരാതിയുമായെത്തിയ അമ്പത്തേഴുകാരനോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നുമുള്ള പരാതിയിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ അന്വേഷണത്തെത്തുടർന്നാണ് ലിബിയെ സസ്പെൻഡ് ചെയ്തത്.

നടപടിക്ക് കാരണമായ പരാതി നൽകിയവരെ അപായപ്പെടുത്താനുള്ള നീക്കമുണ്ടാകുമെന്ന സൂചനയെത്തുടർന്നും പോലീസ് ജാഗ്രത പുലർത്തിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പുതുക്കാട് പോലീസ് പാലിയേക്കര ടോൾ പ്ലാസയിൽ കാർ തടഞ്ഞു. കാറിൽനിന്നിറങ്ങാൻ വിസമ്മതിച്ച ലിബി ഉടനെ കാറിന്റെ ഗ്ലാസുകൾ അടച്ച് വണ്ടിയിൽ കരുതിയിരുന്ന പെട്രോൾ തലവഴി ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന പിന്നിലെ ഗ്ലാസ് തകർത്ത് വെള്ളം പമ്പ് ചെയ്താണ് അതു തടഞ്ഞത്. രണ്ട്‌ കന്നാസിലായി 20 ലിറ്റർ പെട്രോൾ കരുതിയിരുന്നതായി പോലീസ് പറയുന്നു. ശരീരത്തിനകത്തും പെട്രോൾ എത്തിയിരുന്ന ലിബിയെ ആശുപത്രിയിലെത്തിച്ചു. കാറിൽനിന്ന് മാറ്റുന്നതിനിടെ പെട്രോൾ പരന്നതും ആശങ്കയ്ക്കിടയാക്കി.

Leave a comment

Your email address will not be published. Required fields are marked *