April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍; കുഞ്ഞുശരീരം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍

ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍; കുഞ്ഞുശരീരം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍

By editor on June 12, 2023
0 97 Views
Share

മുഴപ്പിലങ്ങാട് : തെരുവുനായകളുടെ ആക്രമണത്തില്‍ 11 വയസ്സുകാരൻ മരിച്ച വിവരമറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം.

തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ നിത്യേന കേള്‍ക്കുന്നുണ്ടെങ്കിലും പിഞ്ചുബാലൻ ഇതിന് ഇരയായെന്ന് വിശ്വസിക്കാനാവുന്നില്ല പ്രദേശവാസികള്‍ക്ക്.

 

ഓട്ടിസം ബാധിച്ച്‌, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ടോടെയാണ് 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവൻ മുറിവുകളുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ നായക്കൂട്ടം ഓടിയപ്പോള്‍ പേടിച്ച്‌ സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെവെച്ചായിരിക്കാം നായകളുടെ ആക്രമണമെന്നും കരുതുന്നു.

 

വൈകീട്ടുമുതല്‍ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ കടിച്ചുകീറുന്നതാണെന്ന് അവരാരും ആദ്യം കരുതിയില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശം ലഭിച്ചത് മുതല്‍ എടക്കാട് പോലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു.

 

കെട്ടിനകത്തെ നൗഷാദിന്റെയും (ബഹ്റൈൻ) നുസീഫയുടെയും മകനാണ്. സഹോദരൻ: നസല്‍. ധര്‍മടം ജേസീസ് സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍ നൗഷാദ്. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.

 

പ്രദേശത്ത് തെരുവുനായകളുടെ ശല്യം വ്യാപകമാണെന്ന് നേരത്തേതന്നെ പരാതിയുയര്‍ന്നിരുന്നു. സ്കൂള്‍ തുറന്നതോടെ കുട്ടികളെ ഏറെ ഭയത്തോടെയാണ് വീട്ടുകാര്‍ അയയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് നേരേയും നായകള്‍ ചാടിയടുക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

 

നിലവിളിക്കാൻ പോലുമാകാത്ത കുഞ്ഞിന്റെ വേദനയില്‍ വിങ്ങി കെട്ടിനകം

 

മുഴപ്പിലങ്ങാട് : നിഹാലിന്റെ ശരീരം കണ്ടവര്‍ കണ്ണുപൊത്തി. പിന്നെ വിതുമ്ബിക്കരഞ്ഞു. ഒന്നു നിലവിളിക്കാൻപോലും ആകാത്ത ആ കുഞ്ഞിന്റെ വേദനയോര്‍ത്ത് രാത്രി മുഴുവൻ കെട്ടിനകം ഗ്രാമം ഉണര്‍ന്നു കരഞ്ഞു.

 

ദാറുല്‍ റഹ്മയിലെ നിഹാലിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നുവെന്ന് നാട്ടുകാരായ ടി. നസലും ഇ.കെ. റാഷിദും വിതുമ്ബലോടെ പറഞ്ഞു. അതാകാം നായകള്‍ ആക്രമിച്ചപ്പോള്‍ ഒരാളും അറിയാഞ്ഞതും കേള്‍ക്കാഞ്ഞതും. ഒരു നായ വന്നാലൊന്നും നിഹാലിനെ ഇങ്ങനെ ആക്രമിക്കാനാകില്ലെന്ന് നാട്ടുകാരായ അസീസും ഷംസുവും പറഞ്ഞു. ഒരുപാട് നായകള്‍ ആക്രമിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്ത് അത്ര പരിക്കുണ്ടായില്ല. നായയുടെ മാന്തലില്‍ കണ്ണിന്റെ പരിക്ക് കാണാം. അരയ്ക്കു താഴെ നായകള്‍ കടിച്ചുകുടഞ്ഞു. തുടയെല്ല് പുറത്തേക്ക് വന്നു. പറയുമ്ബോള്‍ കണ്ണുനിറഞ്ഞുപോകുന്നവര്‍.

 

സാധാരണ വീട്ടില്‍നിന്ന് അപ്പുറത്തെ കടയിലും അയല്‍വീട്ടിലും പോയി തിരിച്ചുവരാറുള്ള നിഹാലിനെ അരമണിക്കൂറായിട്ടും കാണാതിരുന്നപ്പോള്‍ മാതാവ് നുസീഫ ഇത് പ്രതീക്ഷിച്ചില്ല. മോനെ കണ്ടോ എന്ന് ഫോണ്‍ വിളിച്ച്‌ അന്വേഷണം തുടങ്ങിയപ്പോഴാണ് കെട്ടിനകം ഗ്രാമത്തിന്റെ ഉള്ളുലഞ്ഞതെന്ന് പി.കെ. റിഷാദ് പറഞ്ഞു. ഓരോ നിമിഷവും പിന്നെ തീപിടിച്ച നിമിഷങ്ങളായിരുന്നു. ചെറുപ്പക്കാര്‍ മുഴുവൻ നിഹാലിനെ തിരഞ്ഞു. കണ്ടുപിടിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു.

 

മുഴപ്പിലങ്ങാട് ബീച്ച്‌ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെരുവുനായ വന്ധ്യംകരണത്തിന് 75,000 രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ലെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മപേഴ്സണ്‍ കെ.വി റജീന പറഞ്ഞു. നായ്ക്കളെ പേടിച്ച്‌ കെട്ടിനകം മദ്രസയിലേക്ക് രക്ഷിതാക്കളെ കൂട്ടിപ്പോകുന്ന വിഷയവും നാട്ടുകാര്‍ വിവരിക്കുന്നു. ബഹ്റൈനിലുള്ള പിതാവ് നൗഷാദ് പുറപ്പെട്ടു കഴിഞ്ഞു. ദാറുല്‍ റഹ്മയില്‍ കാത്തുനില്‍ക്കാൻ ഇനി നിഹാലില്ലെന്ന സത്യമറിയാതെ.

നിഹാലിന്റെ ദുരന്തമറിഞ്ഞ് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ |

കെട്ടിനകക്കാര്‍ മുന്നേ പറഞ്ഞു, ഇവിടെ തെരുവുനായ്ക്കളുണ്ടെന്ന്

 

മുഴപ്പിലങ്ങാട് : ബീച്ചിനടുത്തുള്ള ഓരോ വഴിയിലെയും തെരുവുനായ്ക്കളുടെ ശല്യം നാട്ടുകാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും മുൻകരുതല്‍ എടുത്തില്ലെന്ന പരാതിയും രോഷവും ഇവിടെയുണ്ട്. ഒരാഴ്ചയായി തെരുവുനായശല്യം രൂക്ഷമാണെന്ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. ഫര്‍ഹാന പറഞ്ഞു.

 

പഞ്ചായത്തില്‍ നായകളുടെ വന്ധ്യംകരണം നടക്കാത്ത സാഹചര്യത്തെക്കുറിച്ച്‌ മുഴപ്പിലങ്ങാട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. റജീനയും പറയുന്നു. നാട്ടുകാരില്‍ ഒരാളെ നായ കടിച്ചിട്ടും ബീച്ചില്‍ വന്ന മറുനാടൻ ടൂറിസ്റ്റുകളെ കടിച്ചുപറിച്ചിട്ടും അധികൃതര്‍ ഒന്നു ചെയ്തില്ല. സര്‍ക്കാര്‍തലത്തില്‍ ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *