April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കുറ്റബോധം കൊണ്ട് തല കുനിക്കേണ്ട കൊടുംക്രൂരതയെ തെരഞ്ഞെടുപ്പ് പരസ്യമാക്കുന്ന നാണംകെട്ടവര്‍’: സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

കുറ്റബോധം കൊണ്ട് തല കുനിക്കേണ്ട കൊടുംക്രൂരതയെ തെരഞ്ഞെടുപ്പ് പരസ്യമാക്കുന്ന നാണംകെട്ടവര്‍’: സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

By editor on June 17, 2023
0 194 Views
Share

മണിപ്പൂരിലുംത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ തുടരുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകള്‍ ഇരു സംസ്ഥാനത്തും ശ്രമിക്കുന്നത്.സംഘപരിവാറിന്റെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എതിരാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

‘കുറ്റബോധം കൊണ്ട് തല കുനിക്കേണ്ട കൊടുംക്രൂരതയെ പോലും തെരഞ്ഞെടുപ്പ് പരസ്യമാക്കുന്ന നാണംകെട്ടവരെ..’

പി.എ.മുഹമ്മദ് റിയാസ്

 

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകള്‍ ഇരു സംസ്ഥാനത്തും ശ്രമിക്കുന്നത്.സംഘപരിവാറിന്റെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എതിരാണ്.

 

മണിപ്പൂരില്‍ ഒരു മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം മാത്രം നാല്പത് കുക്കി ഗോത്രക്കാരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആകെ അന്‍പതിനായിരത്തോളം പേരാണ് അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ കഴിയുന്നത്.

 

ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെ നിര്‍ത്തി ഗോത്രവിഭാഗക്കാരായ കുക്കികള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ അഴിച്ചുവിടുന്നത്. കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തില്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി ബിരേന്‍ സിംഗ് കുക്കികള്‍ക്കുനേരെയുള്ള വംശീയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുകയുമുണ്ടായി.

ആര്‍എസ്‌എസ് അനുകൂല സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്തീ ലീപുണ്‍ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ ഗോത്രവിഭാഗമായ കുക്കികളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ നിരന്തരമായി തകര്‍ക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

പോലീസിന്റെയും സുരക്ഷാസേനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മെയ്തി ആക്രമി സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ബിജെപി മണിപ്പൂരില്‍ അധികാരത്തില്‍ വന്ന 2017 ന് ശേഷമാണ് സംസ്ഥാനത്ത് വര്‍ഗീയ-വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരില്‍ നിലവില്‍ കാണാന്‍ കഴിയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മണിപ്പൂരിനെ കലാപക്കളമാക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ മനസ്സുകള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. വ്യാജ ‘ലൗജിഹാദ്’ പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് സംഘപരിവാര്‍ ഇവിടെ ശ്രമിക്കുന്നത്.

 

‘മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്’ എന്ന അങ്ങേയറ്റം വര്‍ഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്ബെയിനാണ് ഹിന്ദുത്വ ശക്തികള്‍ നടത്തുന്നത്. ലൗജിഹാദിനൊപ്പം ‘വ്യാപാര്‍ ജിഹാദെ’ന്ന പുതിയ വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണത്തിനും സംഘപരിവാര്‍ തുടക്കമിട്ടിട്ടുണ്ട്.

എല്ലാ മുസ്ലിം വ്യാപാരികളും തങ്ങളുടെ കടകള്‍ ഒഴിഞ്ഞുപോകാന്‍ ‘ദേവ്ഭൂമി രക്ഷാ അഭിയാന്‍’ എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇതേ സംഘടനയാണ് മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനായി ഉത്തരകാശിയില്‍ ‘മഹാപഞ്ചായത്ത്’ വിളിച്ചുകൂട്ടാന്‍ ആഹ്വാനം നല്‍കിയതും.

 

ഉത്തരകാശിയിലെ മുസ്ലിങ്ങളുടെ കടകളുടെ പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ‘ത’ എന്ന് രേഖപ്പെടുത്തിയത് പണ്ട് ജര്‍മ്മനിയില്‍ ജൂത ഗൃഹങ്ങളെ തിരിച്ചറിയാന്‍ നാസികള്‍ ചെയ്ത പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഉത്തരകാശിയില്‍ നിന്നും മുസ്ലിങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കിയത്. ഇല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കുമെന്നാണ് ഭീഷണി.

 

ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനത്ത് നടക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ ആസൂത്രിത ആക്രമണങ്ങള്‍ മതരാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയിലേക്കുള്ള ചുവടുവെപ്പാണ്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്ബോള്‍ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് ഇന്നിന്റെ കടമ.

 

 

Leave a comment

Your email address will not be published. Required fields are marked *