April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കഴിവുറ്റ ഭരണാധികാരി, ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി

കഴിവുറ്റ ഭരണാധികാരി, ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി

By editor on July 18, 2023
0 223 Views
Share

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയല്‍ അതീവ ദുഃഖകരമാണ്.

കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 

ഉമ്മൻചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.

 

കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യം; കേരളത്തിന്റെ ജനനായകന്‍ യാത്രയായി; അനുസ്മരിച്ച്‌ സതീശൻ

 

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച്‌ തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

 

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയൊരു ആയുസിന്‍റെ പേര് ഉമ്മന്‍ചാണ്ടി, ജനനായകന് വിട

 

1970 ല്‍ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാൻ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും – കെ കരുണാകരനും എ കെ ആന്റണിയുമടക്കം – പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

 

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റാര്‍ക്കും ലഭ്യമാവാത്ത ചുമതലകള്‍ തുടര്‍ച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.

 

കെഎസ്‌യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്ബോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ സന്തപ്ത കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യു.ഡി. എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

 

ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുസ്മരിച്ചു. മുൻ കേരള മുഖ്യമന്ത്രിയും തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ദീര്‍ഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്ബതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *