April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

By on July 19, 2023 0 158 Views
Share

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 -23 അക്കാദമിക വര്‍ഷം 325 കേസുകള്‍ വിവിധ സ്കൂളുകളില്‍ അദ്ധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് എൻഫോഴ്സ്മെൻറ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

 

ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തിയാല്‍ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ് / പോലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച്‌ മെഡിക്കല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജൂലായ് 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികള്‍ യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്സ് ക്യാമ്ബയിനിന്റെ സ്പെഷ്യല്‍ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നല്‍കാൻ പോലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കും.

 

സ്കൂള്‍ പരിസരങ്ങളില്‍ പോലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏര്‍പ്പെടുത്തണം. സ്കൂളുകളില്‍ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം.വീടുകളില്‍ സ്വഭാവവ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കള്‍ അധ്യാപകരെയും, സ്കൂളുകളിലെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെയും പരസ്പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം.നോ ടു ഡ്രഗ്സ് ക്യാമ്ബയിൻ രണ്ടാം ഘട്ടം അവസാനിക്കുമ്ബോള്‍ത്തന്നെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2023 ജൂണ്‍ 26ന് ആന്റി നാര്‍ക്കോട്ടിക് ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റോടെ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. 2024 ജനുവരി 30 ന് അവസാനിപ്പിക്കും വിധം മൂന്നാം ഘട്ടം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകള്‍, അവതരണങ്ങള്‍, അവധിക്കാലത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്ബയിനില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.

 

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കണം. പോസ്റ്ററില്‍ ലഹരി ഉപഭോഗം / വിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചതാണെങ്കിലും ഓഫീസുകളില്‍ വേണ്ടത്ര പോസ്റ്ററുകള്‍ വന്നിട്ടില്ല. രണ്ടാഴ്ചക്കകം എല്ലാ ഓഫീസുകളിലും പോസ്റ്റര്‍ ആകര്‍ഷകമായ രീതിയില്‍ പതിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്നും ലഹരി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കണം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രത സമിതികള്‍ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളില്‍ ചുമതലയുള്ള എക്സൈസ് / പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യോഗത്തില്‍ മന്ത്രിമാരായ വി. ശിവൻകുട്ടി, ആര്‍. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി., അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *