April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കാലാവസ്ഥ അനുകൂലം; എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും

കാലാവസ്ഥ അനുകൂലം; എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും

By on August 6, 2024 0 103 Views
Share

മാനന്തവാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും. തിരച്ചിലിന് പോകാനായി 12 അംഗ സംഘം സജ്ജമാണ്. അപകടം പിടിച്ച വനമേഖലയിലാവും തിരച്ചിൽ നടത്തുക. ഹെലികോപ്റ്ററിൽ നിന്നും റോപ്പ് വഴി വനമേഖലയിൽ ഇറങ്ങും.ചുരുങ്ങിയത് ആറ് മണിക്കൂർ തിരച്ചിൽ നടത്താനാണ് നീക്കം. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിലയിടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ സ്ഥലമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ വിശ്വനാഥ് പറഞ്ഞു. സൺറൈസ് വാലിയിൽ രൂപപ്പെട്ട തുരുത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. മുന്‍പ് സൺറൈസ് വാലിയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിന് പിന്നാലെ മൃഗങ്ങൾ മീൻമുട്ടിയിലേക്ക് രക്ഷപ്പെട്ടു. കരടിയും പുലിയും കടുവയുമൊക്കെ ഉണ്ടായിരുന്നയിടത്ത് ഉരുൾ പൊട്ടലിനു ശേഷം ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജിതിൻ വിശ്വനാഥ് പറഞ്ഞു.

അതേസമയം, പുനഃരധിവാസത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരിതബാധിതരുടെ പുനഃരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്ക്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്.

വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *