January 22, 2025
  • January 22, 2025
Breaking News
  • Home
  • Uncategorized
  • ‘പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്’; ബലാത്സംഗ സംഭവത്തിന് പിന്നാലെ ഉത്തരവുമായി അസം മെഡിക്കൽ കോളേജ്

‘പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്’; ബലാത്സംഗ സംഭവത്തിന് പിന്നാലെ ഉത്തരവുമായി അസം മെഡിക്കൽ കോളേജ്

By on August 14, 2024 0 92 Views
Share

ഗുവാഹത്തി: പശ്ചിമബംഗാളിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളജ് അധികൃതർ. വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സിൽചർ മെഡിക്കൽ കോളജിന്റെ ഉത്തരവ്. കോളേജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് വനിതാ ജീവനക്കാരും വിദ്യാർഥിനികളും പോകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. മുൻകൂട്ടി വിവരം അറിയിച്ചതിന് ശേഷം മാത്രമേ അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്നും പുറത്ത് പോകാവു എന്നും നിർദേശിച്ചിട്ടുണ്ട്.

ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തെയും കോളജിലേയും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനായുള്ള എമർജൻസി നമ്പറുകൾ എപ്പോഴും ഫോണിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ ജൻഡർ ഹരാസ്മെന്റ് കമിറ്റിയുടെ ചെയർമാ​നേയൊ അംഗങ്ങളേയോ വിവരമറിയിക്കണം. ഡോക്ടർമാരുടേയും വിദ്യാർഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ്

പ്രിൻസിപ്പലിന്റെ വിശദീകരണം.

ആ​ഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആ‍ർ‌ജി കർ മെഡിക്കൽ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.

ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വയറിലും കഴുത്തിലും വിരലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *