April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ

By on August 20, 2024 0 131 Views
Share

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ നുണപരിശോധന നടത്താന്‍ കോടതിയില്‍ നിന്നും സിബിഐക്ക് അനുവാദം ലഭിച്ചത്.

കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്. ഇതുവരെ കേസില്‍ സഞ്ജയ് റോയിയെ മാത്രമേ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രിയിലെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും കുടുംബം പറയുന്നു.

ശനിയാഴ്ച സിബിഐ പ്രതിയുടെ മാനസികനില പരിശോധിച്ചിരുന്നു. സഞ്ജയ് റോയിക്കെതിരെ പങ്കാളിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇയാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്റെ മകളെ മര്‍ദിക്കാറുണ്ടെന്നുമായിരുന്നു മാതാവിന്റെ പ്രതികരണം. മകള്‍ ഗര്‍ഭണിയിയായിരുന്നുവെന്നും മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

അതേസമയം ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗം കൊലപാതകത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ആദ്യ വിഷയമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10.30നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതിക്രൂരമായ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ നാലാം തവണയും ചോദ്യം ചെയ്തു. ആരെയാണ് ആദ്യമായി ബന്ധപ്പെട്ടത്, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കളെ മൂന്ന് മണിക്കൂറോളം നേരം പുറത്ത് കാത്തുനിര്‍ത്താന്‍ കാരണമെന്ത് തുടങ്ങിയ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ കൊല്ലപ്പെട്ടുകിടന്ന സെമിനാര്‍ ഹാളിനരികിലുള്ള മുറികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് ഉത്തരവിട്ടതെന്നതിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *