April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആർജി കറിലെ പുതിയ പ്രിൻസിപ്പാളിനെ പിരിച്ചുവിട്ടു: സന്ദീപ് ഘോഷിനെ പുതിയ കോളേജിൽ നിന്നും പുറത്താക്കി

ആർജി കറിലെ പുതിയ പ്രിൻസിപ്പാളിനെ പിരിച്ചുവിട്ടു: സന്ദീപ് ഘോഷിനെ പുതിയ കോളേജിൽ നിന്നും പുറത്താക്കി

By on August 22, 2024 0 83 Views
Share

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ പുതിയ പ്രിന്‍സിപ്പാളടക്കം മൂന്ന് പേരെ പിരിച്ചുവിട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം ആളുകള്‍ ഈ മാസം 15ന് ആശുപത്രി തകര്‍ത്തപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുണ്ടായിരുന്ന ആളുകള്‍ക്കെതിരെ നടപടി വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ജോലിയില്‍ പ്രവേശിച്ച് പത്ത് ദിവസത്തിനകമാണ് പ്രിന്‍സിപ്പാള്‍ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടിരിക്കുന്നത്.

സുഹൃതയ്ക്ക് പുറമേ വൈസ് പ്രിന്‍സിപ്പാളും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സന്ദീപ് ഘോഷ് രാജിവെച്ചതിനെ തുടര്‍ന്ന് 12ാം തീയതിയാണ് സുഹൃത ചുമതലയേല്‍ക്കുന്നത്

കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് വിദ്യാര്‍ത്ഥികളും റെസിഡന്റ് ഡോക്ടര്‍മാരും മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ തുടങ്ങി ആശുപത്രി അടിച്ചു തകര്‍ത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നായിരുന്നു സുഹൃതയടക്കമുള്ളവരെ പിരിച്ചുവിട്ടുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആര്‍ജി കര്‍ ആശുപത്രിയില്‍ പുതിയ പ്രിന്‍സിപ്പാളായി മനാസ് ബന്ദോപാദ്യായ് ചുമതലയേല്‍ക്കും. നേരത്തെ ബരാസത്ത് മെഡിക്കല്‍ ആശുപത്രിയിലെ പ്രിന്‍സിപ്പാളായിരുന്നു മനാസ്. ബുള്‍ബുള്‍ മുഖോപാധ്യായിക്ക് പകരം സപ്തര്‍ഷി ചാറ്റര്‍ജി ചുമതലയേല്‍ക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

അതേസമയം പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ സന്ദീപ് ഘോഷിനെ നീക്കം ചെയ്‌തെന്നും ആരോഗ്യ സെക്രട്ടറി എന്‍എസ് നിഗം അറിയിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ സന്ദീപ് ഘോഷ് നാഷണല്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 13ന് കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *