April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകളോടുള്ള അതിക്രമങ്ങൾ സർക്കാർ ​ഗൗരവമായി കണക്കാക്കില്ലേ: ബോംബെ ഹൈക്കോടതി

പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകളോടുള്ള അതിക്രമങ്ങൾ സർക്കാർ ​ഗൗരവമായി കണക്കാക്കില്ലേ: ബോംബെ ഹൈക്കോടതി

By on August 22, 2024 0 76 Views
Share

മുംബൈ: ജനങ്ങൾ പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ​ഗൗരവമായി കണക്കാക്കില്ലേയെന്ന് മ​ഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​നാലര മാസം പ്രായമുള്ള ഭ്രൂണത്തെ അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണത്തിലെ പോരായ്മകളെ കുറിച്ച് നടന്ന ചർച്ചക്കിടെയായിരുന്നു കോടതിയുടെ വിമർശനം. കേസിൽ മുംബൈയിലെ സ്വകാര്യ ആശുപത്രി കുട്ടിയുടെ ​ഗർഭം അലസിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ നശിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ഡോ. നീലാ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ​ഗർഭച്ഛിദ്രം നടത്താൻ തിരക്കിട്ടത് ആരാണെന്നും വിഷയം പൊലീസ് അറിയാതെ പോയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

ബദൽപൂരിൽ നഴ്സറി വിദ്യാർത്ഥികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പരാമർശിച്ച കോടതി ജനങ്ങൾ ശബ്ദമുയർ‌ത്തുമ്പോൾ മാത്രമാണോ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമത്തിൽ പൊലീസിന് അന്വേഷിക്കാൻ സാധിക്കുന്നതെന്നും കോടതി ചോദിച്ചു.

‘ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നിങ്ങൾക്ക് പ്രവർത്തിക്കാനാകില്ലേ? ജനങ്ങൾ പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ​ഗൗരവത്തോടെ പുരമാറില്ലെന്ന സൂചന നൽകുകയാണോ മഹാരാഷ്ട്ര സർക്കാർ? എല്ലാ ദിവസം പോക്സോ കേസുകളോ ബലാത്സം​ഗകേസുകളോ ആണ് കേൾക്കുന്നത്’, കോടതി കൂട്ടിച്ചേർത്തു. പ്രതിദിനം പോക്‌സോ അല്ലെങ്കിൽ ബലാത്സംഗക്കേസുകളുടെ നാലോ അഞ്ചോ കേസുകളെങ്കിലും വരുന്നത് എങ്ങനെയാണെന്നും ബെഞ്ച് ചോദിച്ചു.

‘ഓരോ ദിവസവും, സ്ത്രീകൾക്കെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നാലോ അഞ്ചോ കേസുകളെങ്കിലും കാണാറുണ്ട്, അതിൽ പകുതിയിലധികവും കൃത്യമായ അന്വേഷണം നടത്താത്ത കേസുകളാണ്. ഇത് ദയനീയമാണ്. നിങ്ങൾക്ക് സ്പെഷ്യലൈസ്ഡ് ഓഫീസർമാരോ വനിതാ ഓഫീസർമാരോ ഇല്ലേ? എന്തിന് കോൺസ്റ്റബിൾമാരെയും ഹെഡ് കോൺസ്റ്റബിൾമാരെയും മാത്രം അന്വേഷിക്കാൻ അനുവദിക്കുന്നു. എന്തുകൊണ്ട് ഇത്തരം കേസുകളിൽ പൊലീസ് സെൻസിറ്റീവ് അല്ല,’ ജഡ്ജിമാർ നിരീക്ഷിച്ചു. നേരത്തെയും ഇത്തരം കേസുകളിൽ പൊലീസ് എടുക്കുന്ന നിലപാടുകളെ കുറിച്ചും അന്വേഷണത്തിന്റെ രീതിയെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കോടതി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിന് ഇത്തരം വിഷയങ്ങൾ അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ അത് തുറന്നുപറയണമെന്നും കോടതി വ്യക്തമാക്കി. ഒന്നുകിൽ സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ അന്വേഷണം നടത്തില്ലെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കുക. അതല്ലെങ്കിൽ നല്ല രീതിയിൽ അന്വേഷണം കൊണ്ടുപോകാൻ ശ്രമിക്കുക, കോടതി പറഞ്ഞു.

രാവിലെ സെഷനിൽ ബെഞ്ച് വിളിപ്പിച്ച ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) പൂർണിമ ചൗഗുലെ-ശ്രിംഗി തൻ്റെ പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നുവെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആശിഷ് സത്പുതെ ജഡ്ജിമാരോട് പറഞ്ഞതിന് പിന്നാലെയാണ് ബദൽപൂർ വിഷയം ചർച്ചയായത്.

Leave a comment

Your email address will not be published. Required fields are marked *