April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സിനിമയില്‍ മാത്രമല്ല, സംഘടിത തൊഴില്‍ മേഖലകളിലെല്ലാം ‘പവര്‍ ഗ്രൂപ്പു’കളുണ്ട്

സിനിമയില്‍ മാത്രമല്ല, സംഘടിത തൊഴില്‍ മേഖലകളിലെല്ലാം ‘പവര്‍ ഗ്രൂപ്പു’കളുണ്ട്

By on August 24, 2024 0 61 Views
Share

താര സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനം നടത്തുമ്പോൾ കൂടെയുണ്ടായിരുന്നത് 2 സ്ത്രീ പ്രതിനിധികളാണ്. നിങ്ങളിങ്ങനെ നിരന്തരം എന്നോട് ചോദ്യങ്ങൾ ചോദിക്കാതെ എന്റെ കൂടെയിരിക്കുന്ന വനിതാ അംഗങ്ങളോടും കൂടെ എന്തെങ്കിലുമൊക്കെ ചോദിക്കൂ എന്ന് സിദ്ദിഖ് പറഞ്ഞപ്പോൾ അത് അതേപടി അനുസരിച്ച് സുഹൃത്തുക്കൾ അവരോട് ചോദിച്ചു.  മറുപടിയായി ജോമോൾ പറഞ്ഞു തുടങ്ങിയത് ഞാൻ എത്രകാലമായി സിനിമയിൽ ഉണ്ടെന്നുള്ളത് നിങ്ങൾക്കൊക്കെ അറിയാമല്ലോ എന്ന് പറഞ്ഞാണ്. ഓരോ വാചകത്തിന്റെ അവസാനവും ഇക്ക പറഞ്ഞതുപോലെ, ഇക്ക സൂചിപ്പിച്ചതുപോലെ എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് അവർ ആവർത്തിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഈ റിപ്പോർട്ടിൽ പറയുന്നതുപോലുള്ള ദുരനുഭവങ്ങൾ ഒന്നും എനിക്കുണ്ടായിട്ടില്ല. എൻറെ വാതിലിൽ ആരും വന്ന് മുട്ടിയിട്ടില്ല എന്നൊക്കെ പറയുമ്പോൾ മുഖത്തെ കുലീനത വിട്ടു പോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഞാനൊരു “നല്ല” സ്ത്രീയായതിനാൽ എൻറെ മുറിയിൽ ആരും എത്തി നോക്കാൻ വന്നിട്ടില്ല എന്നൊരു ധ്വനി കൂടി അവർ പറഞ്ഞു വെച്ചതിൽ ഉണ്ട്. ഒറ്റ കേൾവിയിൽ വലിയ പ്രശ്നമില്ലെന്ന് തോന്നുന്നുണ്ടെങ്കിലും അതിനകത്തു ഒളിഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുത്.

പ്രശ്നങ്ങളും പ്രതിസന്ധികളും പറയുന്ന സ്ത്രീകളെ നേരിടാൻ സ്ത്രീകളെ തന്നെ രംഗത്തിറക്കുന്ന പ്രാകൃത രീതി തന്നെയാണ് ഇപ്പോഴും താരസംഘടന പിന്തുടരുന്നത്. പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനും അവരെ ഒറ്റപ്പെടുത്തി, ചൊൽപ്പടിക്ക് നിൽക്കുന്ന വലിയൊരു വിഭാഗത്തെ കൂട്ടുപിടിച്ച് ഇവിടെയെല്ലാം ശരിയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിക്കാനും തിടുക്കം കൂട്ടുന്നവരാണ് ചുറ്റും. ശബ്ദമുയർത്തി മാമൂലുകളെ ഒരുവട്ടം ചോദ്യം ചെയ്താൽ, പറ്റില്ലെന്ന് പറഞ്ഞാൽ, സൗകര്യപ്പെടില്ലെന്ന് ആവർത്തിച്ചാൽ പലരും ഒറ്റപ്പെട്ടു പോകും. ഇത് സിനിമ മേഖലയിൽ മാത്രമല്ല.

തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ജോലി പോകും എന്ന ഭയം കൊണ്ടോ അവസരങ്ങൾ നിഷേധിക്കപ്പെടുമെന്ന ആശങ്ക കൊണ്ടോ കൂടുതൽ ഉയരങ്ങളിൽ എത്താൻ ചവിട്ടുപടി വേണമെന്ന മിഥ്യാധാരണ കൊണ്ടോ പലരും പല തരത്തിൽ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ചിലരെങ്കിലും അതിലെ അപകടം നേരത്തെ തിരിച്ചറിയും. മറ്റു ചിലരാവട്ടെ അത് ഏറെ വൈകിയും തിരിച്ചറിയില്ല. എല്ലാ മേഖലകളിലും സമാന അനുഭവമുണ്ട്. മാധ്യമ മേഖലയും വിഭിന്നമല്ല. കൊഴിഞ്ഞു പോവുന്ന സ്ത്രീകളെ കുറിച്ച് പഠിച്ചാൽ ചിലപ്പോൾ സിനിമാ രംഗത്തുള്ളതിനേക്കാൾ വലിയ കണക്കുകൾ പുറത്ത് വന്നേക്കാം.

തൽക്കാലം അത് അവിടെ നിൽക്കട്ടെ. ആദ്യം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ ഒരു തീരുമാനം വരട്ടെ.  മാതൃകാപരമായ നടപടി ഈ വിഷയത്തിൽ ഉണ്ടായാൽ മറ്റു രംഗങ്ങളിൽ ഉള്ളവരും സ്വമേധയാ അവരവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ തയ്യാറായി മുന്നോട്ട് വരും.  കൂടെയുണ്ട് സർക്കാർ എന്ന പരസ്യവാചകം സത്യമെന്ന് ആദ്യം ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് ബോധ്യം വരട്ടെ. ബാക്കിയെല്ലാം താനേ ശരിയാവും.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നവർ അതേ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എന്നിട്ടും സംഘടനയിൽ അംഗമല്ലാത്തവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതില്ല എന്നുള്ള ഒരു നിലപാടിലേക്ക് ആ സംഘടന എത്തിയിട്ടുണ്ടെങ്കിൽ അതിലെ അപകടം കൂടി നമ്മൾ കാണേണ്ടതുണ്ട്. സംഘടിത ശക്തിയുടെ ഭാഗമല്ലാത്ത ആരെയും എന്തും ചെയ്യാം. ആരും ചോദിക്കാൻ ഇല്ല എന്നുള്ള ഒരു ധാർഷ്ട്യം കൂടി ഇവിടെയുണ്ട്.

സിനിമയ്ക്കകത്ത് മാത്രമല്ല സംഘടിത തൊഴിൽ മേഖലകളിൽ എല്ലാം പവർ ഗ്രൂപ്പുകൾ ഉണ്ട്. അധികാരം കയ്യാളുന്നവരോട് ചേർന്നുനിന്ന് സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. കടന്നുപോയ വർഷം സിനിമ വ്യവസായത്തിന് കോടികൾ നേട്ടമുണ്ടാക്കി കൊടുത്ത സിനിമകളിൽ എത്ര എണ്ണത്തിൽ സ്റ്റാർഡം നമുക്ക് കാണാൻ കഴിയും. പരമ്പരാഗത സങ്കല്പത്തിൽ നിന്ന് സിനിമ മാറി. അത് അംഗീകരിച്ചേ മതിയാകൂ. ഒരു വ്യവസായത്തിന് ലാഭമുണ്ടാക്കി കൊടുക്കുന്ന ഗ്രൂപ്പ് ഏതാണോ അതായിരിക്കണം പവർ ഗ്രൂപ്പ്. അല്ലാതെ പണ്ട് ആനപ്പുറത്തിരുന്ന തഴമ്പ് നോക്കി ആവരുത് അത്.

തിരിച്ചറിവുകളുടെ തിരുത്തലുകളുടെ തുറന്നുപറച്ചിലുകളുടെ നാളെകളാണ് മുന്നിലുള്ളത്. അതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് നിമിത്തമാകും എന്നതിന് സംശയം വേണ്ട. അഥവാ അങ്ങനെ പ്രതീക്ഷിക്കുക എങ്കിലും ആവാം.

Leave a comment

Your email address will not be published. Required fields are marked *