April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഉപഭോക്താവിന്റെ പരാതി കേൾക്കാൻ തയ്യാറായില്ല; അഡിഡാസ് ഇന്ത്യക്ക് 10,500/-രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഉപഭോക്താവിന്റെ പരാതി കേൾക്കാൻ തയ്യാറായില്ല; അഡിഡാസ് ഇന്ത്യക്ക് 10,500/-രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

By on September 7, 2024 0 62 Views
Share

കൊച്ചി: ഉൽപ്പന്നത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ഉപഭോക്താക്കൾക്കുള്ള പരാതി കേൾക്കാനും അവ ഉചിതമായി പരിഹരിക്കാനുമുള്ള അടിസ്ഥാന അവകാശം നിഷേധിച്ച ഷോപ്പ് ഉടമയും ഷൂ നിർമാതാവും അധാർമിക വ്യാപാര രീതിയാണ് പിന്തുടരുന്നതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് നിരീക്ഷിച്ചാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്. മുതിർന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി മാർട്ടിൻ എം ജെ, അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

പത്തുവർഷം വരെ യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന വാഗ്ദാനം വിശ്വസിച്ചാണ് 14,999/- രൂപ വിലയുള്ള ബ്രാൻഡഡ് ഷൂ പരാതിക്കാരൻ വാങ്ങിയത്. എന്നാൽ ഏഴുമാസം കഴിഞ്ഞപ്പോൾ ഇടതു ഷൂസിന്റെ മുൻഭാഗം പൊളിഞ്ഞു പോയി. ഷൂസുമായി ഷോപ്പിലെത്തി പരാതി നൽകിയപ്പോൾ അത് പരിശോധിക്കാൻ പോലും തയ്യാറാകാതെ അഡിഡാസിന്റെ ഓൺലൈൻ പരാതി സംവിധാനത്തെ സമീപിക്കാനാണ് ഷോപ്പ് ഉടമ നിർദേശിച്ചത്. പൊട്ടിപ്പൊളിഞ്ഞ ഷൂസിന്റെ ഫോട്ടോഗ്രാഫ് സഹിതം ഓൺലൈനിൽ പരാതി നൽകി. എന്നാൽ ഗ്യാരണ്ടി മൂന്നുമാസത്തേക്ക് മാത്രമാണെന്ന് അറിയിച്ച് പരാതി തള്ളി. തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഷൂവിന് നിർമ്മാണപരമായ വൈകല്യമില്ലെന്നും ഉപയോഗിച്ചതിൻ്റെ തകരാറാണ് തകരാറിന് കാരണമെന്നും അഡിഡാസ് കോടതി മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ പരാതിയുമായി ഷോപ്പിൽ ചെന്ന ഉപഭോക്താവിന്റെ ഷൂ പരിശോധിക്കുവാനോ, പരാതി പരിഹരിക്കാനോ ശ്രമിക്കാതെ ഓൺലൈനിൽ പരാതി നൽകാൻ ഉപദേശിച്ചു വിടുകയാണ് ഷോപ്പ് ചെയ്തത്. ഇത് നിയമം നൽകുന്ന ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും അതിനാൽ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ഉണ്ടെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

അതേസമയം ഷൂവിന് നിർമ്മാണപരമായ തകരാറുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി. “എന്നാൽ മുതിർന്ന പൗരനും മുൻ സൈനികനുമായ ഉപഭോക്താവിന്റെ പരാതി കേൾക്കാനോ അത് പരിഹരിക്കാനോ അന്തസ്സോടെ പെരുമാറാൻ പോലുമോ ഷോപ്പ് ഉടമ തയ്യാറായില്ല എന്നത് നിർഭാഗ്യകരവും അപലപനീയവും ആണ്. ഇത് വിശ്വാസവഞ്ചന മാത്രമല്ല ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനം കൂടിയാണ്”- ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് 7,500/- രൂപ നഷ്ടപരിഹാരവും 3,000/- രൂപ കോടതി ചെലവും പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടത്. 30 ദിവസത്തിനകം ഈ തുക കൈമാറിയില്ലെങ്കിൽ പലിശയും ചേർത്ത് നൽകണമെന്നും ഉത്തരവിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *