April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വാഗ്ദാനം ചെയ്ത നിലവാരമില്ല; പരീക്ഷാ കോച്ചിങ് സ്ഥാപനം ‘ഫിറ്റ് ജീ’ക്ക് പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

വാഗ്ദാനം ചെയ്ത നിലവാരമില്ല; പരീക്ഷാ കോച്ചിങ് സ്ഥാപനം ‘ഫിറ്റ് ജീ’ക്ക് പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

By on September 10, 2024 0 102 Views
Share

കൊച്ചി: ഐഐടി പ്രവേശനം ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് മികച്ച കോച്ചിങ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ വിദ്യാർത്ഥിക്ക് 4.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. തൃപ്പൂണിത്തുറ സ്വദേശി ബിജോയ് എസ്., ആണ് എറണാകുളത്ത് പ്രവർത്തിക്കുന്ന FIIT JEE Ltd എന്ന സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. മകൻ കേശവ് ബി.നായർക്കു വേണ്ടി ഫീസിനത്തിൽ ചിലവാക്കിയ തുക തിരികെ നൽകാത്തതിൻ്റെ പേരിലാണ് കോടതി ഇടപെടൽ.

ഐഐടി, എൻഐടി പ്രവേശന പരീക്ഷയ്ക്ക് തയാറെടുത്ത കേശവ്, സ്ഥാപനത്തിൻ്റെ പരസ്യം കണ്ടാണ് ചേർന്നത്. ഫീസായി 4,66,870/- രൂപയും ഒടുക്കി. എന്നാൽ വാഗ്ദാനം ചെയ്ത നിലവാരം കോഴ്സിനില്ലെന്ന് പരാതിക്കാരന് ബോദ്ധ്യപ്പെട്ടു. ഫീസ് തിരികെ ആവശ്യപ്പെട്ട് പലവട്ടം സമീപിച്ചെങ്കിലും നൽകാൻ എതിർകക്ഷി തയ്യാറായില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ ചേർന്നു. എതിർകക്ഷികളുടെ പ്രവർത്തി മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

“രക്ഷാകർത്താക്കളെ ചൂഷണം ചെയ്യുകയും വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ തകർക്കുകയുമാണ് എതിർകക്ഷികൾ ചെയ്തതെന്ന് കോടതി വിലയിരുത്തി. ക്ലാസുകൾ യഥാസമയം ആരംഭിക്കാത്തതും നിലവാരമില്ലാത്തതും മൂലം കുടുംബം ഏറെ മന:ക്ലേശവും അനുഭവിച്ചു. ഇങ്ങനെ എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുക മാത്രമാണ് അഭികാമ്യമെന്ന് കണ്ടെത്തിയ കോടതി, ഫീസായി അടച്ച തുകയിൽ നിന്ന് 3,66,870/- രൂപ തിരിച്ചു നൽകാനും, കൂടാതെ ഒരുലക്ഷം നഷ്ടപരിഹാരമായും, 15,000/- കോടതി ചെലവായും നൽകാനാണ് നിർദേശിച്ചത്. 45 ദിവസത്തിനകം എതിർകക്ഷികൾ തുക പരാതിക്കാരനു നൽകണമെന്ന് കോടതി നിർദേശിച്ചു.

പരാതിക്കാർക്ക് വേണ്ടി അഡ്വ.പി.ആർ. ജയകൃഷ്ണൻ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *