April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വെള്ളത്തിൽ വീണ മൊബൈൽ ഫോണിന് ഇൻഷുറൻസ് നിഷേധിച്ചു; 78,900 പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

വെള്ളത്തിൽ വീണ മൊബൈൽ ഫോണിന് ഇൻഷുറൻസ് നിഷേധിച്ചു; 78,900 പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

By on September 19, 2024 0 58 Views
Share

വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് വിശ്വസിപ്പിച്ച വിറ്റ ഫോൺ വെള്ളത്തിൽ വീണപ്പോൾ കേടായി. ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച് നൽകാനും തയ്യാറായില്ല. സേവനത്തിലെ ഈ രണ്ട് ന്യൂനതകൾ ഉന്നയിച്ച് എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാർ, സാംസങ്ഇന്ത്യ ഇലട്രോണിക്സിനും മൈജിക്കും എതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. രണ്ട് എതിർകക്ഷികളും ചേർന്ന് പരാതിക്കാരന് തുക നൽകാനാണ് വിധി.

71,840/- രൂപ വില വരുന്ന, വാട്ടർ റെസിസ്റ്റൻസ് എന്ന് അവകാശപ്പെടുന്ന സാംസങ്ങിൻ്റെ മോഡലാണ് വാങ്ങിയത്. ഇൻഷുറൻസ് പ്രീമിയം തുകയായ 5390/- രൂപയും ചേർത്ത് 77,230/- രൂപയാണ് ഈടാക്കിയത്. ഈ പരിരക്ഷ നിൽക്കുന്ന കാലയളവിൽ തന്നെ ഫോൺ കേടായതിനാൽ റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷിയെ ഏൽപ്പിച്ചു. ആവശ്യപ്പെട്ട പ്രകാരം 3450/- രൂപ നൽകുകയും ചെയ്തു. എന്നാൽ ഫോൺ റിപ്പയർ ചെയ്ത് നൽകിയില്ല എന്നാണ് പരാതിക്കാരൻ പറയുന്നത്.

നിർമ്മാണപരമായ ന്യൂനതയല്ലെന്നും ഫോണിന് സംഭവിച്ചത് ഫിസിക്കൽ ഡാമേജ് ആണെന്നാണ് ആണ് എതിർകക്ഷിയുടെ വാദം. ഫിസിക്കൽ ഡാമേജിന് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു. എന്നാൽ ഇൻഷുറൻസ് പരിരക്ഷാ കാലയളവിൽ വെള്ളത്തിൽ വീണ് ഡാമേജ് ആയ ഫോണിന് ഇൻഷുറൻസ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും ആയത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നിരീക്ഷിച്ചു.

ഫോണിൻ്റെ വിലയായ 68,900 രൂപയും ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേർത്ത് കോടതി നിശ്ചയിച്ച 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകണം. വീഴ്ച വരുത്തിയാൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് മുന്നറിയിപ്പ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ.കെ എ സുജൻ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *