April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോണ്‍ഗ്രസില്‍ നിന്നും പടിയിറക്കം; കരച്ചില്‍ അടക്കാനാവാതെ എകെ ഷാനിബ്

കോണ്‍ഗ്രസില്‍ നിന്നും പടിയിറക്കം; കരച്ചില്‍ അടക്കാനാവാതെ എകെ ഷാനിബ്

By on October 19, 2024 0 133 Views
Share

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

 

വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു.

സന്തോഷകരമായ ദിവസമല്ല തന്നെ സംബന്ധിച്ച്. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15 ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചു.

വടകര ഡീല്‍ നടന്നുവെന്ന് സരിന്‍ പറഞ്ഞു. വടകര-പാലക്കാട്-ആറന്മുള കരാറാണ് ഉണ്ടാക്കിയത്. അതിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍. പാലക്കാട് നിന്നും വടകരയിലേക്ക് എന്തിനാണ് ഒരാള്‍ പോയത്. പാര്‍ട്ടിയില്‍ പാലക്കാട് എംഎല്‍എയായ ആളല്ലാതെ ആരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഉണ്ടായില്ലേ. എറണാകുളം ഡിസിസി പ്രസിഡന്റ് ഉണ്ടായിരുന്നില്ലേ. ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കും. പക്ഷെ പാര്‍ട്ടിയുടെ മതേതര മുഖം ഇല്ലാതാവും. പാലക്കാട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി പേര്‍ ഉണ്ടായിരുന്നില്ലേ. വി ടി ബല്‍റാം, സരിന്‍, കെ മുരളീരന്‍ എന്നിവരെ എന്തുകൊണ്ട് ഒഴിവാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ അജണ്ടയുണ്ട്. ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയതെന്നും ഷാനിബ് പറഞ്ഞു.

 

ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോയി നാടകം കളിക്കുന്നു. ഒരാള്‍ മാത്രമായി പാലക്കാട്ടെ കോണ്‍ഗ്രസ് മാറി. താന്‍ മാത്രം മതി എന്നാണ് ചിലരുടെ ധാരണ. ക്രൂരമായ അവഗണനയും അവഹേളനവും നേരിട്ടു. ഉമ്മന്‍ ചാണ്ടിയോട് പരാതി പറഞ്ഞു. പ്രായം കഴിഞ്ഞിട്ടാണ് ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയത്. പാര്‍ട്ടി ഭരണഘടന മാറ്റിയാണ് ഷാഫിയെ പ്രസിഡന്റ് ആക്കിയത്. തെറ്റിനെതിരെ പ്രതികരിക്കുന്നവരെ ഫാന്‍സുകാരെക്കൊണ്ട് അപമാനിച്ചു. കെ സി വേണുഗോപാലിനോടും പരാതി പറഞ്ഞു. സരിന്‍ എട്ട് വര്‍ഷമാണെങ്കില്‍ താന്‍ 22 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. തങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ സമ്പാദ്യമാണ് ഈ ഫയല്‍ എന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ രേഖകള്‍ സൂക്ഷിച്ച ഫയല്‍ ഉയര്‍ത്തി ഷാനിബ് പറഞ്ഞു.

വലിയ പ്രതിസന്ധികള്‍ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഉമ്മയോട് പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞത്. ആലോചിച്ച് ചെയ്യണം എന്നാണ് ഉമ്മ പറഞ്ഞത്. ഉമ്മ അണ്‍എയിഡഡ് കോളേജിലെ അറബിക് ടീച്ചറായിരുന്നു. പട്ടാമ്പിയില്‍ വെച്ച് ജില്ലാ ക്യാമ്പ് നടത്തിയ സമയത്ത് എറണാകുളത്ത് നിന്നും ബാഗ് ഓര്‍ഡര്‍ ചെയ്തു. പാര്‍ട്ടി നേതാക്കള്‍ സഹായിക്കുമെന്ന് വിചാരിച്ചാണ് ചെയ്തത്. പൈസ കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഒടുക്കം ഉമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ബാഗ് നിര്‍മ്മിച്ച നാസര്‍ക്ക പോയി. പോര്‍ബന്ധര്‍ എന്നായിരുന്നു ക്യാമ്പിന്റെ പേര്. അന്ന് പാര്‍ട്ടി വിട്ടിട്ടില്ല. വ്യക്തിപരമായ കാരണത്തിന്റെ പുറത്തൊന്നും പാര്‍ട്ടി വിട്ടിട്ടില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ പോയശേഷം പരാതി കേള്‍ക്കാന്‍ ആളില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ പേരില്‍ നടത്തുന്ന നാടകം കണ്ടിട്ടാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു. രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. സിപിഐഎമ്മിലേക്ക് പോകില്ല. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *