April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മറ്റൊരു നവീന്‍ബാബുവാകാന്‍ വയ്യ’, വീട്ടിലെത്തി ഭീഷണി; ജോലി ചെയ്യാനാകുന്നില്ലെന്ന് AMV

മറ്റൊരു നവീന്‍ബാബുവാകാന്‍ വയ്യ’, വീട്ടിലെത്തി ഭീഷണി; ജോലി ചെയ്യാനാകുന്നില്ലെന്ന് AMV

By on October 21, 2024 0 181 Views
Share

മണ്ണുത്തി : ‘കടുത്ത സമ്മർദമാണ് നേരിടുന്നത്. ജോലി ചെയ്യാൻ പോലും അനുവദിക്കുന്നില്ല. ഫിറ്റ്നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് കൂട്ടംകൂടിനിന്നാണ് ഭീഷണി. ഇതിനുപുറമേ അജ്ഞാത നമ്പറുകളിൽനിന്ന് ഫോൺവിളികൾ. ഇപ്പോഴിതാ വീടിനുമുന്നിലേക്കും കൊലവിളിയുമായി എത്തിയിരിക്കുന്നു. മറ്റൊരു നവീൻബാബുവാകാൻ വയ്യ. ഭീഷണി വീട്ടിലേക്കു കൂടി എത്തിയതോടെയാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത്’- ഇരിങ്ങാലക്കുട സബ് ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീകാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം വീടിനുമുന്നിലെത്തി വധഭീഷണി മുഴക്കിയ മൂന്നംഗ അക്രമിസംഘത്തിനെതിരേ ശ്രീകാന്ത് നൽകിയ പരാതിയിൽ മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതിനാണ് കാറിൽ അക്രമിസംഘം ശ്രീകാന്തിന്റെ മണ്ണുത്തി തിരുവാണിക്കാവിന് സമീപത്തെ വീടിനുമുന്നിലെത്തിയത്. ദേശീയപാതയിലെ സർവീസ് റോഡിനോടുചേർന്ന വീടിന് മുന്നിൽനിന്ന് ഗേറ്റിൽ ആഞ്ഞുതട്ടിയും മറ്റും ഒരുമണിക്കൂറോളം സംഘം ഭീഷണി മുഴക്കി.

ഈ സമയം വീട്ടിൽ ശ്രീകാന്തിന് പുറമേ ഗർഭിണിയായ ഭാര്യയും പ്രായമായ അമ്മയും സഹോദരിയും രണ്ട് ചെറിയ മക്കളുമാണുണ്ടായിരുന്നത്. സംഭവം കണ്ട് വീട്ടുകാരെല്ലാം ഭയന്നുവിറച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയതിനാലാണ് അക്രമിസംഘം ഉള്ളിലേക്ക് കയറാതിരുന്നതെന്ന് ശ്രീകാന്ത് പറയുന്നു. ഇതിനു പിന്നാലെ തൊട്ടടുത്ത അമ്മാവന്റെ വീട്ടിൽചെന്ന് അസഭ്യം പറഞ്ഞതും സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതികൾ സമീപത്തെ വ്യാപാരസ്ഥാപന ഉടമയുടെ വീട്ടിലെത്തി മുന്നറിയിപ്പ് നൽകി. ഇദ്ദേഹമാണ് ശ്രീകാന്തിനെ വിളിച്ച് അക്രമിസംഘത്തെക്കുറിച്ച് സൂചന നൽകിയത്.


സംഭവത്തിൽ മണ്ണുത്തി സ്വദേശി ജെൻസൻ, പുത്തൂർ സ്വദേശി ബിജു, നേരിട്ട് കണ്ടാൽ തിരിച്ചറിയുന്ന മറ്റൊരാൾ എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വധഭീഷണിക്കും അസഭ്യം പറഞ്ഞതിനുമാണ് കേസ്. മതിയായ അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സംഘം തന്റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയതെന്ന് ശ്രീകാന്ത് മണ്ണുത്തി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

Leave a comment

Your email address will not be published. Required fields are marked *