April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

By on October 28, 2024 0 335 Views
Share

സിപി എം പ്രവർത്തകൻ തലശ്ശേരിക്കടുത്തഎരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന്  കണ്ടെത്തിയ 4 പ്രതികൾക്ക് തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ ജീവപര്യന്തം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും
ശിക്ഷിച്ചു. ബിജെപി–-ആർഎസ്‌എസ്‌ പ്രവർത്തകരായ എട്ടുപേർക്കെതിരെയായിരുന്നു  കൂത്തുപറമ്പ്‌ പൊലീസ്‌ കുറ്റപത്രം നൽകിയത്. ഇതിൽ. ഒന്ന്‌ മുതൽനാല് വരെയുള്ള പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34), എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ എം ആർ ശ്രീജിത്ത്‌ എന്ന കൊത്തൻ (39) പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ (48) എന്നിവരെ വെറുതെ വിട്ടു.

കേസിൽ ഏഴും എട്ടും പ്രതികളായഎരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന്‌ നീർവേലി തട്ടുപറമ്പ്‌ റോഡ്‌ സൗമ്യ നിവാസിൽ എൻ പി സുജിത്ത്‌ എന്നിവർ വിചാരണക്ക്‌ മുൻപ്‌ മരിച്ചിരുന്നു. മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ ആക്രമിച്ചത്‌. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ്‌ –-ബിജെപിക്കാർ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ്‌ എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന്‌ പറഞ്ഞ്‌ ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്‌, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത്‌ എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർവി നിധീഷ്‌ മഴു ഉപയോഗിച്ചും വെട്ടിയെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.
ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതര പരിക്കേറ്റ അഷറഫ്‌ കോഴിക്കോട്‌ ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന്‌ പുലർച്ചെ 3. 50നാണ് മരണപ്പെട്ടത്. 26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരനാണ് കേസ് വാദിച്ചത് .

Leave a comment

Your email address will not be published. Required fields are marked *