April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൃഷ്ണപുരം കൊട്ടാരത്തെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കൃഷ്ണപുരം കൊട്ടാരത്തെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

By on November 1, 2024 0 106 Views
Share

കൃഷ്ണപുരം കൊട്ടാരത്തെ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ, പരിസരവികസന പ്രവൃത്തികള്‍ കൊട്ടാരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാടിന്റെ അമൂല്യ നിധിയാണ് കൃഷ്ണപുരം കൊട്ടാരം. സംരക്ഷണ, പരിസര വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മ്യൂസിയം സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതി കൂടി വകുപ്പ് തയ്യാറാക്കി വരുകയാണെന്ന് മന്ത്രി പറഞ്ഞു. പൈതൃകസംരക്ഷണത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കഴിഞ്ഞകാലം എങ്ങിനെയായിരുന്നു എന്ന് പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. അതിനുള്ള മികച്ച ഉപാധികളാണ് മ്യൂസിയങ്ങളും സ്മാരകങ്ങളും. ഭാവി തലമുറക്ക് ചരിത്രവും സംസ്‌കാരവും പഠിക്കാനായി അവ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അതാണ് സര്‍ക്കാര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്. സ്മാരകങ്ങള്‍ സംരക്ഷിച്ചും മ്യൂസിയങ്ങള്‍ സ്ഥാപിച്ചും പഠനഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിച്ചും ഈ ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. ആ തിരിച്ചറിവോടെ സര്‍ക്കാരിന്റെ ഇത്തരം ഉദ്യമങ്ങളെ പിന്തുണക്കണമെന്ന് മന്ത്രി പറഞ്ഞു.


ചരിത്രത്തിന്റെ ആഖ്യാനങ്ങളെ ആര്‍ക്കും നിഷേധിക്കാനും നിരോധിക്കാനുമാവില്ല. അത് സൂക്ഷിക്കുകയാണ് വകുപ്പിന്റെ പ്രധാന ചുമതല. തനത് കേരളീയ ശൈലിയില്‍ പണിത കൃഷ്ണപുരം കൊട്ടാരം 1959 ലാണ് കേരള പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതിനെതുടര്‍ന്ന് ആവശ്യമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ശേഷം കൊട്ടാരത്തില്‍ പുരാവസ്തു മ്യൂസിയം സജ്ജീകരിച്ചു. തുടര്‍ന്ന് ഘട്ടംഘട്ടങ്ങളിലായി കൊട്ടാരത്തിന്റെ സംരക്ഷണപ്രവര്‍ത്തികള്‍ ഏറ്റെടുത്തു. 191 സംരക്ഷിത സ്മാരകങ്ങളാണ് നിലവില്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ളത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒട്ടേറെ സ്മാരകങ്ങളുടെ സംരക്ഷണപ്രവൃത്തികള്‍ വകുപ്പ് ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും പുനഃസജ്ജീകരിക്കുകയും ചെയ്തു. ചരിത്രശേഷിപ്പുകളും സത്യങ്ങളും കണ്ടെത്താനുള്ള ഫീല്‍ഡ് പഠനങ്ങളും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് 28.2 ലക്ഷം രൂപ ചെലവഴിച്ച് കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ പരിസരവികസന പ്രവൃത്തികള്‍ പുരാവസ്തു വകുപ്പ് നടപ്പാക്കുന്നത്. ചടങ്ങില്‍ യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിനു അശോക്, കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ് ഭൂപേഷ്, പി. അരവിന്ദാക്ഷന്‍, അഡ്വ. ഇ. സമീര്‍, ഐ. ഷിഹാബുദീന്‍, കൃഷ്ണകുമാര്‍ രാംദാസ്, അഡ്വ. ജോസഫ് ജോണ്‍, ഇര്‍ഷാദ്, ലിക്കായത്ത് പറമ്പി, സക്കീര്‍ മല്ലഞ്ചേരി, മോഹനന്‍, എന്‍. സത്യന്‍, സലീം മുരിക്കുംമൂട്, ചാര്‍ജ് ഓഫീസര്‍ സി അനൂപ് എന്നിവര്‍ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *