April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മലയാളിയുടെ സർക്കാറും കോടതികളും മലയാളത്തിൽ സംസാരിക്കണം:വിവരാവകാശ കമ്മിഷണർ

മലയാളിയുടെ സർക്കാറും കോടതികളും മലയാളത്തിൽ സംസാരിക്കണം:വിവരാവകാശ കമ്മിഷണർ

By on November 2, 2024 0 142 Views
Share

കായംകുളം: മലയാളിയുടെ സർക്കാരും മലയാളിയുടെ കോടതിയും സായിപ്പിൻറെ ഭാഷയിൽ മൊഴിയണ്ടെന്നും ഉത്തരവുകളും നടപടി തീർപ്പുകളും മലയാളത്തിൽ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം ആവശ്യപ്പെട്ടു.കായംകുളം നഗരസഭയുടെ കേരളപ്പിറവി
ദിന മലയാള വാരാഘോഷ ഭാഗമായുള്ള വിവരാവകാശ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ഭരണ സംവിധാനങ്ങൾ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കണം.മലയാളം പറഞ്ഞാൽ കുട്ടികളെ ശിക്ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കണം.വിവരാവകാശ അപേക്ഷകൾക്ക് അപേക്ഷകൻറെ ഭാഷയിൽ തന്നെ മറുപടി നല്കണമെന്നാണ് നിയമം. അല്ലാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകും.

കുടിവെള്ളത്തിൻറെ ബില്ലു മുതൽ ബസ് ടിക്കറ്റുവരെയും ആശുപത്രി സേവനം മുതൽ ചായപ്പീടിക വരെയും മിക്കവാറും എല്ലാത്തിലും മറഞ്ഞിരിക്കുന്ന ചാർജുകളും വെളിപ്പെടുത്താത്ത നികുതികളും അടയ്ക്കുന്നവരാണ് മലയാളികൾ.
ജനങ്ങൾ നല്കുന്ന പണത്തിന് തുല്യ മൂല്യമുള്ള വസ്തുക്കളും സേവനങ്ങളും ലഭിക്കുന്നില്ല.റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് സർക്കാർ ഓഫീസിൽ അപേക്ഷ നല്കി കാത്തിരിക്കുന്നവർ നിരവധിയാണ്. പെട്ടിക്കടക്കാരൻ മുതൽ ഭരണസാരഥികൾ വരെ മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് വശീകരിക്കുന്നു. അടുത്ത് ചെല്ലുമ്പോൾ പൗരന് ലഭിക്കുന്നതാകട്ടേ പലപ്പോഴും പ്രതീക്ഷതിച്ചതിലും മോശം അനുഭവം. ഇതെല്ലാം യഥാവിധം നടത്തിക്കൊണ്ടുപോകേണ്ട സംവിധാനമാണ് സർക്കാറിനോട്
ഏത് പൗരനും എന്തെങ്കിലുമൊന്ന് ചോദിക്കാനുണ്ടാവും.
ആ ചോദ്യങ്ങളോട് സർക്കാർ യഥാസമയം പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് വിവരാവകാശ നിയമം .
ഇത് എക്സിക്യൂട്ടീവിന്റെ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും ഉത്തരവാധിത്ത ബോധം വളർത്താനും ചില്ലറയല്ല ഉപകരിച്ചിട്ടുള്ളത്. ഈ നിയമത്തെ കൂടുതൽ ശക്തവും ചടുലവുമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എന്ന പോലെ തന്നെ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളിൽ നിന്ന് പലതും മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന അധികാരികളും ഈ നിയമത്തിൻറെ പവിത്രത ഉൾക്കൊള്ളാൻ ഒരുക്കമല്ലെന്നാണ് അനുഭവം.

ഈ നിയമത്തിൽ വിവരം പുറത്ത് നല്കേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ജനങ്ങൾ എത്ര കൂടുതൽ ജനാധിപത്യ സർക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരിൽ നിന്ന് അകലം പാലിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇത് കമ്മിഷൻറെ ജോലിഭാരം കൂട്ടുന്നു.
ഉദ്യോഗസ്ഥരുടെ പൊതുവിലും എക്സിക്യൂട്ടിവിൻറെ തലപ്പത്തുള്ളവരുടെ പ്രത്യേകിച്ചും ആത്മാർത്ഥത ഇക്കാര്യത്തിൽ കൂടുതൽ തെളിമയോടെ ഉണ്ടായേ മതിയാകൂ.എങ്കിൽ മാത്രമേ ആർ ടി ഐ യുടെ ജനസേവനം എന്ന ഉത്തമതാത്പര്യം സംരക്ഷിക്കാനാകൂ.

അഡ്വ.യു.പ്രതിഭ എം എൽ എ കേരളപ്പിറവി ദിന -മലയാള വാരാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.കേരളത്തിൻറെ സാഹോദര്യവും മലയാളത്തിൻറെ മധുരവും എക്കാലവും സംരക്ഷിക്കണമെന്ന് യു. പ്രതിഭ പറഞ്ഞു. മലയാളത്തിനു വേണ്ടി സ്ഥാപിച്ച സർവ്വകലാശാലപോലും ഇംഗ്ലീഷിൽ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ പി.ശശികല ആദ്ധ്യക്ഷ്യം വഹിച്ചു.സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷരായ എസ്. കേശുനാഥ്,മായാദേവി,യു ഡി എഫ് പാർലമെൻററി പാർട്ടി ലീഡർ സി.എസ്.ഭാഷ,പി.ടി എ പ്രസിഡൻറ് ബിജു സൂര്യാസ്,സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ,നഗരസഭാ സെക്രട്ടറി എസ്. സനിൽ എന്നിവർ സംസാരിച്ചു.വിവിധ വകുപ്പുകളിലെ ഇൻഫർമേഷൻ ഓഫീസർമാരും മേധാവികളും പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *