April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മെഡിസെപ്പ്, ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ കോടതിയെ സമീപിക്കാനാവില്ലെന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം – ഉപഭോക്തൃ തർക്ക പരിഹാര കോടതി

മെഡിസെപ്പ്, ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ കോടതിയെ സമീപിക്കാനാവില്ലെന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം – ഉപഭോക്തൃ തർക്ക പരിഹാര കോടതി

By on November 18, 2024 0 60 Views
Share

കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാൻ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം.

കൂടാതെ കർണാടക സർക്കാർ Vs വിശ്വഭാരതി ഹൗസ് ബിൽഡിംഗ് കോപ്പറേറ്റീവ് സൊസൈറ്റി കേസിൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള പ്രതിവിധികൾ അനുബന്ധമാണെന്നും മറ്റ് നിയമസംവിധാനങ്ങളോടൊപ്പം തന്നെ ഉപഭോക്തൃ തർക്കപരിഹാര കോടതികൾ മുഖേനയും പരിഹാരങ്ങൾ തേടാമെന്നും സുപ്രീം കോടതിയുടെ ഉത്തരവും കോടതി ചൂണ്ടികാട്ടി.

മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി ഡി ജോയിയുടെ പരാതിയിൽ സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനം പ്രയോജനപ്പെടുത്താത്തതിനാൽ ഉപഭോക്തൃ കോടതിക്ക് പരിഗണിക്കാനാവില്ലെന്ന ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയുടെ വാദം ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിരാകരിച്ചു.
തുടർവാദങ്ങൾക്കായി കേസ് ജനുവരി 20 ന് വീണ്ടും പരിഗണിക്കും.

പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് മിഷാൽ എം ദാസൻ കോടതിയിൽ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *