April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചൂരൽമല ദുരന്തം: ഭര്‍ത്താവിൻ്റെ ‘ഓര്‍മ്മ’ ലതയ്ക്ക് കൈമാറും; മോതിരം സുരക്ഷിതമെന്ന് മന്ത്രി കെ രാജൻ

ചൂരൽമല ദുരന്തം: ഭര്‍ത്താവിൻ്റെ ‘ഓര്‍മ്മ’ ലതയ്ക്ക് കൈമാറും; മോതിരം സുരക്ഷിതമെന്ന് മന്ത്രി കെ രാജൻ

By on December 6, 2024 0 203 Views
Share

കല്‍പറ്റ: ഭര്‍ത്താവിന്റെ ഓര്‍മകളുള്ള മോതിരം തിരികെ വേണമെന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ ലതയുടെ ആവശ്യത്തിന് പരിഹാരമാകുന്നു. മോതിരം റവന്യൂ വകുപ്പ് സൂക്ഷിച്ചിരുന്നുവെന്നും നിയമപ്രകാരം മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഇടുന്നതിനായി നല്‍കിയിരുന്നുവെന്നും റവന്യു മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിലവില്‍ മോതിരം മാനന്തവാടി സബ് കളക്ടറുടെ ഓഫീസിലുണ്ട്. ഒക്ടോബര്‍ മൂന്നിന് തന്നെ മോതിരം പൊലീസ് കളക്ടര്‍ ഓഫീസില്‍ എല്‍പ്പിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ലതയ്ക്ക് മോതിരം കൈപ്പറ്റാമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ ലതയോട് നേരിൽ സംസാരിച്ചാണ് മന്ത്രി ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്.

‘സ്വര്‍ണത്തിന്റെ മൂല്യമല്ല മറിച്ച് മരണപ്പെട്ടവരുടെ ഓര്‍മകളാണ് ആ മോതിരം. അത് സൂക്ഷിക്കപ്പെടേണ്ടത് കുടുംബത്തിന്റെ അവകാശമാണ്. പണം കൊടുത്താല്‍ മറ്റ് ഏത് സ്വര്‍ണമോതിരവും കിട്ടും. പക്ഷേ ഇത് കിട്ടില്ല. അന്ന് ഉരുള്‍പൊട്ടലില്‍ ഇത്തരത്തില്‍ ലഭിച്ച എല്ലാ വസ്തുക്കളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു. മോതിരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ലത റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ലതയുടെ പേരെഴുതിയ മോതിരമാണ് ഭര്‍ത്താവ് ധരിച്ചിരുന്നത്. ഈ മോതിരം വെച്ചാണ് ലത ഉരുള്‍പൊട്ടലില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഭര്‍ത്താവിന്റെ മോതിരം ലഭിച്ചില്ലെന്ന പരിഭവം ലത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ ഓര്‍മകളുള്ള മോതിരം തിരികെ കണ്ടെത്തി നല്‍കണമെന്നായിരുന്നു ലത റിപ്പോര്‍ട്ടറിലൂടെ ആവശ്യപ്പെട്ടത്.

 

Leave a comment

Your email address will not be published. Required fields are marked *