April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘വൈദ്യുതി നിരക്ക് വർധന അദാനിക്ക് വേണ്ടിയുള്ള നീക്കം, സർക്കാരിൻ്റേത് കള്ളക്കളി’; രമേശ് ചെന്നിത്തല

‘വൈദ്യുതി നിരക്ക് വർധന അദാനിക്ക് വേണ്ടിയുള്ള നീക്കം, സർക്കാരിൻ്റേത് കള്ളക്കളി’; രമേശ് ചെന്നിത്തല

By on December 7, 2024 0 36 Views
Share

തിരുവനന്തപുരം: വൈദ്യുതിചാർജ് വർധനവിലൂടെ സംസ്ഥാന സ‍ർക്കാർ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചത് 7500 കോടി രൂപയുടെ അധിക ബാധ്യതയെന്ന് രമേശ് ചെന്നിത്തല. സർക്കാരിൻ്റേത് കെടുകാര്യസ്ഥതയും അഴിമതിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്വകാര്യ വൈദ്യുതി ഉൽപാദന കമ്പനികളുമായുള്ള സർക്കാരിന്റെ കള്ളക്കളിയാണ് വൈദ്യുതി ചാ‍ർജ്ജ് വ‍ർദ്ധനവിന് പിന്നിലെന്നും വി ഡ‍ി സതീശൻ പറഞ്ഞു. സർക്കാർ ചെയ്യുന്നത് ആരും ചെയ്യാത്ത പാതകമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെഎസ്ഇബി പൊളിയാൻ ആരാണ് ഉത്തരവാദിയെന്ന് ചോദിച്ച രമേശ് ചെന്നിത്തല നിരക്ക് വർദ്ധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

കേരളത്തിന്റെ പവർ പർച്ചെയ്സ് ചിത്രത്തിൽ അദാനിയെ കൊണ്ടുവരാനുള്ള നീക്കമാണ് സംസ്ഥാന സ‍ർക്കാരിൻ്റേത്. ആര്യാടൻ മുഹമ്മദിൻ്റെ കാലത്ത് കൊണ്ടുവന്ന കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദ് ചെയ്യാനുള്ള കാരണം അതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അദാനിക്ക് വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമാണ് സംസ്ഥാന സർക്കാരിൻ്റേത്. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ നീക്കം. വൈദ്യുതി ബോർഡിനെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉണ്ടോ എന്നും സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

സ്മാർട്ട്‌ സിറ്റി വിഷയത്തിലും രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. പി രാജീവിന്റേത് ടീകോമിനെ വെള്ള പൂശുന്ന നിലപാടെന്നും ടീകോമിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള ഇടനിലക്കാരനായി രാജീവ് മാറിയെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ. മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്നും ടീകോമിനെ സംരക്ഷിക്കുന്നതിൽ നിന്നും സർക്കാർ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടീ കോം കമ്പനിക്കെതിരായി കർശന നടപടി സ്വീകരിക്കണം. ബാബു ജോർജിനെ എന്തിനാണ് കമ്മിറ്റിക്ക് അകത്ത് വച്ചത്. സർക്കാരിന് ഇതിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ സർക്കാർ എന്തിനു ഭയപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വീട്ടുകാരുടെ സാന്നിധ്യത്തിൽ വേണമായിരുന്നു ഇൻക്വസ്റ്റ് നടപടി ചെയ്യാൻ. കുടുംബം ആവശ്യപ്പെടുമ്പോൾ അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി പി ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *