April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പനയമ്പാടം അപകടം; അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠന്‍

പനയമ്പാടം അപകടം; അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠന്‍

By on December 13, 2024 0 27 Views
Share

പാലക്കാട്: പനയമ്പാടത്തെ അപകടത്തെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ദുബായ് കുന്നിനും യുപി സ്‌കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യം.

വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കത്തില്‍ എംപി പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറില്‍ നാല് അടിഖബറുകള്‍ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്.

രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളില്‍ എത്തിച്ചു. ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ കരിമ്പനല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കരിമ്പനല്‍ ഹാളിലേക്ക് പ്രിയപ്പെട്ട കുഞ്ഞുമക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *